വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ; മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം

ലണ്ടൻ∙ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റില്‍. പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടയച്ചു. സ്കോട്‌ലൻഡ് യാർഡ് ആണ് ഇന്നു രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ജാമ്യത്തിൽ വിട്ടത്. ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ കേസിൽ വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, നാടുകടത്തൽ വാദം ഇന്ന് കോടതിയിൽ തുടങ്ങിയെന്നും അതിനായാണ് ഹാജരായതെന്നും വിജയ് മല്യ പ്രതികരിച്ചു. മറ്റു വ്യാഖ്യാനങ്ങൾ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. തന്നെ ഇന്ത്യയ്ക്കു വിട്ടുനൽകണമെന്ന അപേക്ഷയിൽ ഇന്നുമുതൽ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായി നേരത്തെ മല്യ പ്രതികരിച്ചിരുന്നു.

17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി. ലണ്ടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായശേഷമായിരുന്നു അറസ്റ്റ്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നൽകിയിരുന്നു.