Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപിൽ മിശ്രയെ എഎപി സസ്പെൻഡ് ചെയ്തു; സത്യം ജയിക്കുമെന്ന് കേജ്‍രിവാൾ

Arvind-Kejriwal-kapil-mishra അരവിന്ദ് കേജ്‌രിവാള്‍, കപില്‍ മിശ്ര

ന്യൂഡൽഹി ∙ കൈക്കൂലി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു. മുൻമന്ത്രി കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. അതേസമയം, ആരോപണം ഉന്നയിച്ച ഡല്‍ഹി മുന്‍മന്ത്രി കപില്‍ മിശ്രയെ ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു. സത്യം ജയിക്കുമെന്ന് അരവിന്ദ് കേജ്‍രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ തുടങ്ങുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ആരോപണങ്ങൾക്ക് ശേഷം ആദ്യമായാണ് പരോക്ഷമായെങ്കിലും കേജ്‍രിവാൾ പ്രതികരണം നടത്തുന്നത്.

ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുൻപാകെ ഹാജരായ കപില്‍ മിശ്ര, മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മിശ്ര പറഞ്ഞു. കേജ്‌രിവാളിന്റെ വിശ്വസ്തരായ നേതാക്കളാണ് ഇതിനു പിന്നില്‍. അരവിന്ദ് കേജ്‌രിവാളിനെതിരെ ചൊവ്വാഴ്ച സിബിഐയ്ക്ക് പരാതി നല്‍കും. എന്തുവന്നാലും പാര്‍ട്ടിവിടില്ലെന്നും ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും കപില്‍ മിശ്ര പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എല്ലാ മന്ത്രിമാരുടെയും ഫയലുകൾ പുറത്തുവിടും. തീരുമാനങ്ങൾ ടെൻഡറുകൾ എല്ലാം പുറത്തുവിടും. ആര് പാർട്ടിവിടണം ആര് തുടരണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും മിശ്ര പറഞ്ഞു.

മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയുടെ അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായ കേജ്‌രിവാളിന് ഇരട്ടപ്രഹരം നല്‍കുന്നതാണ് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഇടപെടല്‍. കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ആന്‍റി കറപ്ഷന്‍ ഒാഫിസില്‍ നേരിട്ടെത്തി കപില്‍ മിശ്ര മൊഴി നല്‍കി. ആരോഗ്യമന്ത്രി സത്യേന്ദ്രജയിനില്‍ നിന്ന് കേജ്‌രിവാള്‍ രണ്ടുകോടി കോഴവാങ്ങിയെന്ന് കപില്‍ മിശ്ര എസിബിയ്ക്ക് മുൻപാകെ ആവര്‍ത്തിച്ചു. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച തെളിവുകളും അന്വേഷണ ഏജന്‍സിയ്ക്ക് നല്‍കി. ടാങ്കര്‍ അഴിമതിയില്‍ കേജ്‌രിവാളിന്‍റെ വിശ്വസ്തരായ അശിഷ് തല്‍വാര്‍, വിഭവ് പട്ടേല്‍ എന്നിവര്‍ക്ക് പങ്കുള്ളതായും കപില്‍ മിശ്ര ആരോപിച്ചു. ആരോപണത്തില്‍ അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എസിബി വ്യക്തമാക്കി.

കേജ്‍രിവാളിന്റെ ഭാര്യസഹോദരന് വേണ്ടി 50 കോടി വിലമതിക്കുന്ന ഏഴ് ഏക്കര്‍ വരുന്ന ഫാം ഹൗസ് തരപ്പെടുത്തി കൊടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞു എന്ന പുതിയ വെളിപ്പെടുത്തലും കപില്‍ മിശ്ര ഇന്ന് നടത്തി. പഴയ കേജ്‍രിവാളല്ല ഇപ്പോഴുള്ളത്. അഴിമതിക്കാരനായ കേജ്‍രിവാൾ അധികാരത്തിനും മുഖ്യമന്ത്രി കസേരയ്ക്കും വേണ്ടി ദാഹിക്കുകയാണെന്നും മിശ്ര കുറ്റപ്പെടുത്തി.

അതേസമയം, കേജ്‌രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് ബിെജപി നേതാക്കള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കേജ്‌രിവാള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കി. അഴിമതി ആരോപണം ലോകായുക്ത അന്വേഷിക്കണമെന്നാണ് ബിെജപിയുടെ ആവശ്യം.

related stories