Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശയാത്രകളിലൂടെ എഎപി നേതാക്കൾ കള്ളപ്പണം വെളുപ്പിച്ചു: കപിൽ മിശ്ര

kapil-mishra കപിൽ മിശ്ര

ന്യൂഡൽഹി∙ എഎപി നേതാക്കൾ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ഡൽഹി മന്ത്രി കപിൽ മിശ്ര. വിവരം ആദായനികുതി വകുപ്പിൽനിന്നു മറച്ചുപിടിക്കുകയായിരുന്നുവെന്നും മിശ്ര വ്യക്തമാക്കി. അതേസമയം, എഎപി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മിശ്ര തുടരുന്ന നിരാഹാരം അഞ്ചാം ദിവസത്തിലെത്തി.

മൂന്നുവർഷമായി എഎപി നേതാക്കൾ വിദേശയാത്രകളിലൂടെയാണു കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നാണ് മിശ്രയുടെ ആരോപണം. വ്യാജ കമ്പനികളിൽനിന്നാണ് ഇവർക്കു സാമ്പത്തിക സഹായം ലഭിച്ചിരുന്നത്. ഇതേക്കുറിച്ച് എഎപി വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. 16 കടലാസ് കമ്പനികൾ കോടിക്കണക്കിനു രൂപയാണ് എഎപിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. മോട്ടി നഗറിൽനിന്നുള്ള എഎപി എംഎൽഎ ശിവ്ചരൺ ഗോയലിന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതാണ് ഈ വ്യാജ കമ്പനികൾ.

രണ്ടു കോടി രൂപയാണ് കേജ്‌രിവാളിനു നൽകിയത്. ആക്സിസ് ബാങ്കിന്റെ ഡല്‍ഹി ബ്രാഞ്ചിലേക്കാണ് ഈ പണം കൈമാറിയത്. നോട്ട് അസാധുവാക്കലിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കലിന് ഒത്താശ ചെയ്തെന്ന ആരോപണം നേരിട്ട ബ്രാഞ്ചാണിത്. ആക്സിസ് ബാങ്കിന്റെ കൃഷ്ണനഗർ ശാഖയിലാണ് എഎപിയുടെ അക്കൗണ്ട് ഉള്ളത്. എല്ലാ ഇടപാടുകളും ഇവിടെയാണു നടക്കുന്നത്. ഡേറ്റ് ഇല്ലാത്ത ഒരു ബാങ്ക് ചെക്കും മിശ്ര പുറത്തുവിട്ടു. ഈ ചെക്ക് മാറി പണം ബാങ്കിൽനിന്ന് എടുത്തിട്ടുള്ളതാണ്.

കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ കേജ്‌രിവാളിനെതിരെ തിങ്കളാഴ്ച സിബിഐക്കു പരാതി നൽകുമെന്നും മിശ്ര അറിയിച്ചു. അതിനിടെ, കേജ്‌രിവാളിനെ കോളറിൽ പിടിച്ച് തിഹാർ ജയിലിലേക്ക് ആനയിക്കുമെന്ന് വാർത്താസമ്മേളനത്തിൽ മിശ്ര പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം, അരവിന്ദ് കേജ്‌രിവാളിന്റെ രാഷ്ട്രീയ ഉപദേശകൻ വൈഭവ് കുമാറിന് ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമൻസ് അയച്ചു. വാട്ടർ ടാങ്കർ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ടാണിത്. ഈ ബുധനാഴ്ച കുമാറിനെ ചോദ്യം ചെയ്യും. ഈ ഇടപാടിൽ 400 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് മിശ്രയുടെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകൾ മിശ്ര എസിബിക്കു കൈമാറിയിരുന്നു.

related stories