തിരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം: ട്രംപിന്റെ മരുമകനെതിരെയും അന്വേഷണം

ജാറെഡ് കുഷ്നർ

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യൻ ഇടപെടൽ നടന്നുവെന്ന അന്വേഷണത്തിന്റെ പരിധിയിൽ ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നറുടെ നടപടികളും ഉൾപ്പെടുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ. റഷ്യൻ അധികൃതരുമായി കുഷ്നർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. എന്നാൽ കുഷ്നറാണോ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമെന്നു വ്യക്തമല്ല.

കുഷ്നറെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകളലില്ലാതെ എഫ്ബിഐ നടപടികളെടുക്കില്ല. കഴിഞ്ഞ ഡിസംബറിൽ യുഎസിലെ റഷ്യൻ അംബാസഡറുമായും മോസ്കോയിലെ ഒരു ബാങ്കറുമായും കുഷ്നർ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസിന്റെ സുരക്ഷ അനുമതിയില്ലാതെയായിരുന്നു കൂടിക്കാഴ്ച.

അതേസമയം, കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ അമേരിക്കൻ കോൺഗ്രസിനു നൽകാൻ കുഷ്നർ നേരത്തെ തയാറായിരുന്നുവെന്ന് കുഷ്നറുടെ അറ്റോർണിയായ ജാമീ ഗോറേലിക് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏത് അന്വേഷണത്തിനു വേണ്ടിയാണെങ്കിലും ആവശ്യമെങ്കിൽ വീണ്ടും ഹാജരാകാൻ അദ്ദേഹം തയാറാകുമെന്നും ഗോറേലിക് പറയുന്നു.