ലണ്ടൻ ഭീകരാക്രമണം; പൊതുതിരഞ്ഞെടുപ്പു വ്യാഴാഴ്ച തന്നെ: തെരേസ മേ

ലണ്ടൻ∙ ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പു വ്യാഴാഴ്ച തന്നെ നടക്കുമെന്നു പ്രധാനമന്ത്രി തെരേസ മേ. വെസ്റ്റ്മിനിസ്റ്റർ, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണങ്ങള്‍ തമ്മില്‍ നേരിട്ടുബന്ധമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തിന് ഇന്‍റര്‍നെറ്റില്‍ സുരക്ഷിത ഇടം ലഭിക്കുന്നത് ഇല്ലാതാക്കണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുളള ശിക്ഷ വര്‍ധിപ്പിക്കുമെന്നും തെരേസ മേ പറഞ്ഞു.

ലണ്ടനിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേർ മരിച്ച സാഹചര്യത്തിലായിരുന്നു തെരേസ മേയുടെ പ്രസ്താവന. ഒരുമിച്ചുനിന്നു രാജ്യം ശത്രുവിനെ നേരിടും. അടുത്തിടെയുണ്ടായ മൂന്നു ഭീകരാക്രമണങ്ങൾ തമ്മിൽ പരസ്പരം ബന്ധമില്ല. എന്നാൽ, ഇവയ്ക്കെല്ലാം തീവ്ര ഇസ്‍ലാമിക പശ്ചാത്തലമുണ്ട്. ഈ തീവ്രവാദത്തെ അടിച്ചമർത്തേണ്ടത് ഇക്കാലത്തെ വലിയ വെല്ലുവിളിയാണ്. ഈ അക്രമങ്ങളിൽനിന്നു ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടതുണ്ടെന്നും തെരേസ മേ പറഞ്ഞു.

കാൽനടയാത്രക്കാർക്കിടയിലേക്കു വാൻ പാഞ്ഞുകയറ്റിയും കത്തി ഉപയോഗിച്ചു കുത്തിയുമായിരുന്നു ലണ്ടനിലെ ആക്രണങ്ങള്‍. മൂന്നു ഭീകരരെ പൊലീസ് വധിച്ചു. ആക്രമണങ്ങളെ തുടര്‍ന്നു നഗരം കനത്ത സുരക്ഷാവലയത്തിലാണ്. എട്ടാം തീയതിയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്നാണു സുരക്ഷാഏജൻസികളുടെ വിലയിരുത്തൽ.  

തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് ബ്രിട്ടൻ. മൂന്നു മാസത്തിനകം ഇതു മൂന്നാമത്തെ ആക്രമണമാണ് ബ്രിട്ടനിൽ നടക്കുന്നത്. ശനിയാഴ്ച നടന്നതിന് ഏറെക്കുറെ സമാനമായ ആക്രമണമായിരുന്നു ആദ്യത്തേത്. വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിലെ നടപ്പാതയിലേക്കു വാഹനം ഓടിച്ചുകയറ്റി നിരവധിപേരെ പരിക്കേൽപിച്ച അക്രമി പിന്നീട് പാർലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. അക്രമിയുൾപ്പെടെ അഞ്ചുപേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമ്പതോളംപേർക്കു പരുക്കേറ്റു.

ഒരാഴ്ചമുമ്പാണ് മാഞ്ചസ്റ്ററിൽ അമേരിക്കൻ പോപ്പ് ഗായിക അരിയാനെ ഗ്രാൻഡെയുടെ സംഗീതപരിപാടിയ്ക്കിടെ രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. 22 പേർ കൊല്ലപ്പെടുകയും അറുപതിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു.