ലണ്ടൻ ബ്രിജ് ഭീകരാക്രമണം: അക്രമികളിലൊരാൾ പാക്ക് വംശജൻ

പൊലീസ് പുറത്തുവിട്ട ഖുറം ഭട്ട്, റാച്ചിഡ് റെഡോനെ എന്നീ അക്രമികളുടെ ചിത്രം.

ലണ്ടൻ ∙ ലണ്ടൻ ബ്രിജിൽ കഴിഞ്ഞദിവസം ഏഴുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത് പാക്കിസ്ഥാനിൽ ജനിച്ച ഖുറം ഭട്ടും ലിബിയൻ വംശജനായ റാച്ചിഡ് റെഡോനെയും കൂട്ടാളിയും ചേർന്നാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. ഇവരിൽ ഭട്ടിന്റെയും റെഡോനെയുടെയും ചിത്രങ്ങളും അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പരസ്യമാക്കിയിട്ടുണ്ട്. എന്നാൽ അക്രമികളിൽ മൂന്നാമത്തെയാളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള റെയ്ഡുകൾ ഇപ്പോഴും ഈസ്റ്റ് ലണ്ടനിലെ വിവിധ സ്ഥലങ്ങളിൽ തുടരുന്നുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര ബന്ധങ്ങളും മറ്റും അന്വേഷിക്കുന്നതിനാലാണ് വിവരങ്ങൾ പുറത്തുവിടാത്തത്. 

ശനിയാഴ്ച രാത്രി പത്തരയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ലണൻ ബ്രിഡ്ജിലെ ഭീകരാക്രമണം. പാലത്തിലെ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാൻ ഓടിച്ചുകയറ്റിയ ഭീകരർ പിന്നീട് ഇറങ്ങിയോടി സമീപമുള്ള ബറോ മാർക്കറ്റിലെ റസ്റ്റൊറൻന്റുകളിൽ ഇരച്ചുകയറി കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. പരുക്കേറ്റ 42 പേരിൽ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

പാക്കിസ്ഥാനിൽ ജനിച്ച് ബ്രിട്ടീഷ് പൗരനായി മാറിയ ഖുറം ഷസദ് ഭട്ട് ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിലായിരുന്നു താമസിച്ചിരുന്നത്. ഇയാളുടെ വീടു കേന്ദ്രീകരിച്ചാണ് ആക്രമണത്തിനുള്ള പദ്ധതികൾ തയാറാക്കിയത്. തീവ്രവാദബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് നേരത്തെ നിരീക്ഷണത്തിൽ വച്ചിരുന്നയാളാണ് ഭട്ട്. ഒരിക്കൽ ഇയാൾ ഐഎസിന്റെ പതാക വീശുന്ന ദൃശ്യങ്ങൾ ഒരു ടെലിവിഷനിലൂടെ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നായിരുന്നു പൊലീസ് –രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം. 

പാക്കിസ്ഥാനിൽ ജനിച്ച ഇരുപത്തേഴുകാരനായ ഖുറം രണ്ടു കുട്ടികളുടെ പിതാവാണ്. അബ്സ് എന്ന പേരിലും ഇയാൾ സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നു. ആഴ്സണൽ ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധകനായിരുന്നു ഖുറം ഭട്ട്. ടീമിന്റെ ജഴ്സിയണിഞ്ഞായിരുന്നു മിക്കവാറും നടപ്പ്. ഇടക്കാലത്ത് കെഎഫ്സിയിലും ലണ്ടൻ ട്രാൻസ്ഫോർട്ട് സർവീസിലും ജോലിചെയ്തിരുന്നു. 

ലിബിയൻ ലംശജനായ റാച്ചിഡ് റെഡോനെ പാസ്ട്രി ഷെഫാണ്. സ്കോട്ടീഷ് യുവതിയെ വിവാഹംകഴിച്ച ഇയാൾ അയർലൻഡിലായിരുന്നു ഏറെക്കാലം താമസിച്ചത്. എൽഖാദർ എന്നപേരിലും അറിയപ്പെടുന്ന റാച്ചിഡിന്റെ ഭാര്യയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് രണ്ടുവയുള്ള ഒരു കുട്ടിയുമുണ്ട്. സാധാരണക്കാരെപ്പോലെ ജീവിച്ച ഇവർ ഭീകരപ്രവർത്തകരായി മാറിയ വാർത്തയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇവരുടെ അയൽക്കാരും സുഹൃത്തുക്കളും.