ബ്രിട്ടനിൽ വോട്ടിങ് തുടങ്ങി; ഫലം അർധരാത്രിയോടെ

വോട്ടുചെയ്യുന്നതിനായി പോളിങ് ബൂത്തിലേക്കു കയറുന്ന യുവതി

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിച്ചു. രാജ്യത്താകമാനമുള്ള 40,000 പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയാണ് വോട്ടെടുപ്പ്. പോളിങ് തീർന്നാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. അർധരാത്രിയോടെ ആദ്യഫലങ്ങൾ പുറത്തുവരും. 650 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 326 അംഗങ്ങളുടെ പിന്തുണ വേണം.

നാലുകോടി അറുപത്തൊമ്പതുലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ചുലക്ഷം വോട്ടർമാർ ഇക്കുറി പുതുതായി വോട്ടർപട്ടികയിൽ പേരു ചേർത്തിട്ടുണ്ട്. ഇതിൽ ഏറെയും യുവാക്കളാണ്.

ബ്രിട്ടനിൽ ആർക്കും പോസ്റ്റൽ വോട്ടുകൾ ചെയ്യാൻ സകര്യമുള്ളതിനാൽ നല്ലൊരു ശതമാനം വോട്ടുകളും ഇതിനോടകം പോൾചെയ്തുകഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16.4 ശതമാനം വോട്ടർമാർ വോട്ടുചെയ്തത് പോസ്റ്റൽ ബാലറ്റിലൂടെയായിരുന്നു. 66.4 ശതമാനമായിരുന്നു 2015ലെ ആകെ പോളിങ് ശതമാനം.

സ്കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പാരീഷ് ഹാളുകൾ എന്നിവിടങ്ങളിലാണ് പോളിങ് ബൂത്തുകൾ ക്രിമീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി തെരേസ മേയ് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും (ടോറികൾ) ജെറമി കോർബിൻ നയിക്കുന്ന ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മൽസരം. ദേശീയ പാർട്ടികളായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടി, ഗ്രീൻ പാർട്ടി എന്നിവരും ശക്തമായി മൽസരരംഗത്തുണ്ട്. സ്കോട്ട്ലൻഡിലും അയർലൻഡിലും പ്രാദേശിക പാർട്ടികളുടെ സാന്നിധ്യവും ശക്തമാണ്. സ്കോട്ട്ലൻഡിൽ സ്കോട്ടീഷ് നാഷണൽ പാർട്ടിക്കാണ് ദേശീയ പാർട്ടികളേക്കാൾ സ്വാധീനമുള്ളത്.

നിലവിൽ ടോറികൾക്ക് അഞ്ചുസീറ്റിന്റെ ഭൂരിപക്ഷമുള്ള പാർലമെന്റിൽ തൂക്കു പാർലമെന്റാണ് സർവേകൾ പലതും പ്രവചിച്ചിരിക്കുന്നത്.