ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്; ആദ്യ കിരീട നേട്ടവുമായി ബൊപ്പണ്ണ സഖ്യം

ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് ഗ്രാൻസ്‌ലാം കിരീടവുമായി ബൊപ്പണ്ണ– ദാബ്രോവ്സികി സഖ്യം

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ– ദാബ്രോവ്സികി സഖ്യത്തിനു ഗ്രാൻസ്‌ലാം കിരീടം. ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയുടെയും പങ്കാളി കാനഡയുടെ ഗബ്രിയേല ദാബ്രോവ്സികിയുടെയും പ്രഥമ ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്.

ജർമൻ–കൊളംബിയൻ സഖ്യമായ അന്ന ലെന ഗ്രോയെൻഫെൽഡ്–റോബർട്ട് ഫറ കൂട്ടിനെ 2–6, 6–2, 12–10 എന്ന സ്കോറിനു തോൽപ്പിച്ചാണു ബൊപ്പണ്ണ–ദാബ്രോവ്സികി സഖ്യം കിരീട നേട്ടം. മൽസരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു.  ഗ്രാൻസ്‌ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനാണു ബൊപ്പണ്ണ. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മറ്റുള്ളവർ. 

സെമിഫൈനലിൽ, മൂന്നാം സീഡ് ആൻഡ്രിയ ഹാവ്ക്കോവ–എഡ്വേർഡ് റോജർ വാസെലിൻ എന്നിവരെയാണ് ഏഴാം സീഡുകളായ ഇന്ത്യ–കനേ‍ഡിയൻ സഖ്യം തോൽപ്പിച്ചത് (7–5, 6–3). ഇതു രണ്ടാം തവണയാണ് ബൊപ്പണ്ണ ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ ഫൈനലിൽ കയറുന്നത്. 2010ൽ യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ പാക്കിസ്ഥാന്റെ ഐസാമുൾ ഹഖ് ഖുറേഷിയോടൊപ്പം ഫൈനൽ കളിച്ചെങ്കിലും ബ്രയാൻ സഹോദരൻമാരോടു തോറ്റു.