ചരിത്രമെഴുതി ജെലേന; സീഡില്ലാ താരത്തിനു ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം

പാരിസ്∙ കളിമൺ കോർട്ടിലെ പുതിയ രാജകുമാരിയായി ലാത്‌വിയയുടെ ജെലേന ഒസ്റ്റാപെൻകോ. ഫ്രഞ്ച് ഓപ്പണിലെ വനിതാ ഫൈനലിൽ റുമേനിയക്കാരി മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണു ലാത്‌വിയയുടെ ജെലേന ഒസ്റ്റാപെൻകോ ഗ്രാൻസ്ലാം കിരീടം നേടിയത്. സീഡിങ് പോലും ഇല്ലാത്ത ജെലേന ഒസ്റ്റാപെൻകോയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ആണിത്.

ഹാലെപ്പിനെതിരായ പോരാട്ടത്തിൽ ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ജെലേനയുടെ തിരിച്ചുവരവ്. സ്കോർ: 4–6, 6–4, 6–3. ഫ്രഞ്ച് ഓപ്പണിൽ 1983നു ശേഷം ആദ്യമാണു സീഡിങ് ഇല്ലാത്ത താരം ഫൈനലിൽ എത്തുന്നതും കിരീടം സ്വന്തമാക്കുന്നതും. ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയക്കാരി കൂടിയാണു ജെലേന.