Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സല്യൂട്ട് ടു എ ലെജൻഡ്’... വേഗ രാജാവായി വീണ്ടും ഉസൈൻ ബോൾട്ട്

Racers-Grand-Prix-Usain-Bolt 100 മീറ്റർ ഓട്ടത്തിൽ വിജയിച്ച ഉസൈൻ ബോൾട്ട്, അഞ്ചാം നമ്പർ ട്രാക്കിനെ ചുംബിച്ചശേഷം സ്വതസിദ്ധമായ തന്റെ മിന്നൽപോസിൽ.

ജമൈക്ക ∙ സ്വന്തം നാട്ടിലെ വിടവാങ്ങൽ മൽസരത്തിലും ഉസൈൻ ബോൾട്ട് വേഗരാജാവ്. ഗാലറിയിൽ നൃത്തം ചെയ്തു ആർപ്പുവിളിച്ച 35,000 ആരാധകരുടെ നെഞ്ചിലേക്കു കൊള്ളിയാൻ വേഗത്തിലാണു ബോൾട്ട് പാഞ്ഞുകയറിയത്. 10.03 സെക്കൻഡിലാണ് മുപ്പതുകാരനായ ബോൾട്ടിന്റെ ഫിനിഷിങ്.

തന്റെ ഐതിഹാസികമായ സ്പ്രിന്റ് ജീവിതത്തിൽനിന്നു വിടപറയുന്നതിനു മുന്നോടിയായി ജമൈക്കയിലെ നാഷനൽ സ്റ്റേഡിയത്തിലായിരുന്നു ബോൾട്ടിന്റെ അവസാന മത്സരം. റേസേഴ്സ് ഗ്രാൻപ്രിയിൽ ‘സല്യൂട്ട് ടു എ ലെജൻഡ്’ എന്ന വിശേഷിപ്പിച്ച 100 മീറ്റർ മൽസരത്തിലാണു ബോൾട്ട് വീണ്ടും ഒന്നാമനായത്. മൽസരശേഷം അഞ്ചാം നമ്പർ ട്രാക്കിനെ ചുംബിച്ച ബോൾട്ട്, സ്വതസിദ്ധമായ മിന്നൽപോസിൽനിന്നാണു വിജയം ആഘോഷിച്ചത്. കരിമരുന്നുപ്രയോഗം നടത്തി ജമൈക്ക ബോൾട്ടിനെ വരവേറ്റു.

Usain Bolt റേസേഴ്സ് ഗ്രാൻപ്രിയിൽ 100 മീറ്റർ മൽസരത്തിൽ ഫിനിഷ് ചെയ്യുന്ന ഉസൈൻ ബോൾട്ട്.

പതിനഞ്ചുവർഷം മുൻപ് ഇതേ കിങ്സ്റ്റൺ നാഷനൽ സ്റ്റേഡിയത്തിൽ 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടിയാണു ബോൾട്ട് എന്ന ഇടിമിന്നൽ വരവറിയിച്ചത്. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോകചാംപ്യൻഷിപ് വിജയങ്ങളും ബോൾട്ട് എന്ന വേഗമാന്ത്രികനു സ്വന്തം. ലണ്ടനിൽ ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ വിരമിക്കാനാണു ബോൾട്ടിന്റെ തീരുമാനം.