ബ്രിട്ടനിൽ കണ്‍സര്‍വേറ്റീവുകളും ഡിയുപിയും ധാരണയിലെത്തിയില്ല; നയപ്രഖ്യാപനം വൈകും

ലണ്ടൻ ∙ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ രാഞ്ജിയുടെ നയപ്രഖ്യാപനം ഇത്തവണ വൈകുമെന്ന് സൂചന. സര്‍ക്കാരിന്‍റെ നയപരിപാടികള്‍ സംബന്ധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡമോക്രാറ്റിക് യൂണിയനിസ്റ്റും തമ്മില്‍ അന്തിമ ധാരണയാകാത്തതാണ് കാരണം. പാര്‍ലമെന്‍റ് സമ്മേളനം വൈകുന്നെങ്കില്‍ അത് തെരേസ മേയ്ക്ക് വന്‍ തിരിച്ചടിയാകും. ബ്രിട്ടീഷ് രാഞ്ജിയുടെ പ്രസംഗത്തോടെയാണ് സാധരണ ഗതിയില്‍ പുതിയ പാര്‍ലമെന്‍റിന്‍റെ തുടക്കം. സര്‍ക്കാര്‍ നയങ്ങളും പരിപാടികളും അന്നാണ് പ്രഖ്യാപിക്കുക. ജൂണ്‍ 19 നായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. 

സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നയപരിപാടികള്‍ സംബന്ധിച്ച് കണ്‍സര്‍വേറ്റീവുകളും ഡമോക്രാറ്റിക് യൂണിയനിസ്റ്റുകളും അന്തിമ ധാരണയിലെത്തിയിട്ടില്ല. 10 അംഗങ്ങളുള്ള ഡിയുപിയുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തിന് അനിവാര്യമാണ്. പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍ വൈകുന്നത് രാഷ്ട്രീയ ആയുധമാക്കുകയാണ് ലേബര്‍ പാര്‍ട്ടി. 

ഡിയുപി നേതാവ് ആര്‍ലിന്‍ ഫോസ്റ്ററുമായി തെരേസമേ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. കണ്‍സര്‍വേറ്റീവുകളുമായി ചേര്‍ന്ന് ഭരണത്തില്‍ പങ്കാളികളാകാനുള്ള അവസരം വിനിയോഗിക്കുമെന്ന് ഫോസ്റ്റര്‍ ഇന്നലെയും ആവര്‍ത്തിച്ചു. വടക്കന്‍ അയര്‍ലണ്ടിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ തെരേസ മേ യ്ക്കു മുന്നില്‍ അവതരിപ്പിക്കും. 

കൂട്ടുകക്ഷി സര്‍ക്കാര്‍ നിലപാടുകള്‍ തെരേസ മേയുടെ ബ്രെക്സിറ്റിനെക്കുറിച്ചുള്ള മുന്‍ കാഴ്ചപ്പാടുകളെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുമോയെന്ന് കണ്ടറിയണം. ഇന്നലെ തെരേസ മേ രണ്ടു മണിക്കൂര്‍ നീണ്ട കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കണ്‍സര്‍വേറ്റീവ് നയങ്ങള്‍ വീറ്റോ ചെയ്യാനും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനും ഡിയുപിക്ക് കഴിയില്ലെന്ന് യോഗത്തില്‍ തെരേസ മേ പറഞ്ഞു. തുടര്‍ന്നു നടന്ന എംപിമാരുമായുള്ള യോഗത്തില്‍ തിര‍‍ഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് ക്ഷമാപണവും നടത്തി.