Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രണ്ണന്‍ കോളജ് മാഗസിൻ വിവാദം: എഡിറ്റർമാരടക്കം 13 പേർക്കെതിരെ കേസ്

Pellet-College-Magazine

കണ്ണൂർ ∙ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്ന തരത്തിൽ തലശേരി ബ്രണ്ണന്‍ കോളജ് മാഗസിൻ ഇറക്കിയ സംഭവത്തിൽ 13 പേർക്കെതിരെ ധർമ്മടം പൊലീസ് കേസെടുത്തു. സ്റ്റുഡന്റ് എഡിറ്റർ, സ്റ്റാഫ് എഡിറ്റർ, മാഗസിൻ സമിതി അംഗങ്ങൾ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേശീയപതാകയെ അപമാനിച്ചുവെന്ന പരാതിയെ തുടർന്നാണ് കേസ്.

ബ്രണ്ണന്‍ കോളജ് മാഗസിനിൽ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്ന ചിത്രങ്ങൾ ഉള്ളതായാണ് ആരോപണമുയർന്നിരുന്നത്. തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. ഇതിനു പുറമെ അശ്ലീലമായ ചിത്രങ്ങളും മാസികയിലുണ്ട്. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ളതാണ് കോളജ് യൂണിയന്‍. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ വിതരണം ചെയ്തുകഴിഞ്ഞ കോപ്പികൾ തിരിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ബ്രണ്ണൻ കോളജ് ഇത്തവണ 125–ാം വാർഷികം ആഘോഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ ആഘോഷങ്ങൾക്കൊടുവിൽ പുറത്തിറക്കുന്ന മാസികയെന്ന പ്രത്യേകത കൂടി ഇത്തവണത്തെ കോളജ് മാഗസിനുണ്ട്. പെല്ലറ്റ് എന്നു പേരിട്ടിരിക്കുന്ന മാസികയുടെ 13–ാം പേജിലാണ് ദേശീയഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഉള്ളതെന്നാണ് ആരോപണം. തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്. ഇത് രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയഗാനത്തെ അപമാനിക്കുന്ന ചിത്രങ്ങൾ എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളജ് യൂണിയൻ പ്രസിദ്ധീകരിച്ച മാസികയുടെ ഭാഗമായതെന്നാണ് വിവരം.

തിയറ്റർ സ്ക്രീനിൽ ദേശീയപതാക കാണിക്കുമ്പോൾ ഏറ്റവും പിന്നിലെ കസേരകൾക്കും പിറകിലായി രണ്ടുപേർ ലൈംഗിബന്ധത്തിൽ ഏർപ്പെടുന്ന ചിത്രമാണ് വിവാദമായത്. ‘സിനിമാ തിയറ്ററിൽ കസേരവിട്ട് എഴുന്നേൽക്കുന്ന രാഷ്ട്രസ്നേഹം. തെരുവിൽ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം, നല്ല ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തെ കോളജിലെ ഒരുവിഭാഗം വിദ്യാർഥികൾ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോളജ് യൂണിയൻ നൽകിയ വിശദീകരണമെന്ന് കോളജ് പ്രിൻസിപ്പൽ കെ.മുരളീദാസ് അറിയിച്ചു. ഇക്കാര്യത്തിൽ തെറ്റദ്ധാരണയുടെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായ സാഹചര്യത്തിൽ മാസിക വിതരണം ചെയ്യണമോ എന്നതുസംബന്ധിച്ച് അധ്യാപകരുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ സംഘടനകൾ ഉയർത്തുന്ന കപട അതിദേശീയതാവാദത്തോടുള്ള എതിർപ്പാണ് ഇതിലൂടെ ഉന്നയിക്കാൻ ഉദ്ദേശിച്ചതെന്നാണ് താൻ മനസിലാക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി.തോമസ് പ്രതികരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു.

related stories