ലണ്ടനിൽ ജനങ്ങൾക്കിടയിലേക്ക് വാൻ ഇടിച്ചു കയറ്റി; ഒരാൾ മരിച്ചു

ആക്രമണമുണ്ടായ സ്ഥലത്ത് പൊലീസ്

ലണ്ടൻ∙ ലണ്ടനിലെ ഫിൻസ്ബെറി പാർക്കിൽ ജനങ്ങൾക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. വടക്കൻ ലണ്ടനിലെ മുസ്‌ലിം പള്ളിക്കു സമീപമാണ് സംഭവം. വാനിന്റെ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രാർഥനയ്ക്കുശേഷം പള്ളിക്കു പുറത്തേക്കുവന്നവർക്കു നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.

ഡ്രൈവർ മനപൂർവം വാനിടിച്ചു കയറ്റുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്നു ഗതാഗത സംവിധാനങ്ങൾക്കു താൽക്കാലിക വിലക്കേർപ്പെടുത്തി. ഇവിടെ പൊലീസ് പരിശോധന നടത്തുകയാണ്. പരുക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയാണു ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.

ഈ മാസമാദ്യം ലണ്ടൻ ബ്രിഡ്ജിൽവച്ച് എട്ടുപേരെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. കൂടാതെ അരിയാന ഗ്രാൻഡെയുടെ സംഗീതപരിപാടിക്കിടെ മാഞ്ചസ്റ്ററിലുണ്ടായ ആക്രമണത്തിൽ 20 പേരാണു കൊല്ലപ്പെട്ടത്.