നഗ്‌നചിത്രം സമൂഹമാധ്യമത്തിൽ; യുപി മുഖ്യമന്ത്രിക്കെതിരെ ആദിവാസി യുവതി കോടതിയിൽ

ബിശ്വനാഥ് (അസം) ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അസം എംപി റാം പ്രസാദ് ശർമയും തന്റെ നഗ്‌നചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ആദിവാസി യുവതി കോടതിയിൽ.

പത്തുവർഷം മുൻപ് ഗുവാഹത്തിയിൽ നടന്ന പ്രക്ഷോഭത്തിനിടെ എടുത്ത ഫോട്ടോയാണു കഴിഞ്ഞ 13നു സമൂഹമാധ്യമത്തിൽ യുപി മുഖ്യമന്ത്രി പോസ്റ്റ് ചെയ്തതെന്നു പരാതിക്കാരിയായ ലക്ഷ്മി ഒറാങ് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഈ ഫോട്ടോ പങ്കുവച്ചതിനാണു ശർമയ്ക്കെതിരെ പരാതി.

2007 നവംബർ നാലിനു ഗുവാഹത്തിയിലെ ബെൽടോലയിൽ ഓൾ ആദിവാസി സ്റ്റുഡന്റ്സ് അസോസിയേഷൻ അസം (എഎഎസ്എഎ) നടത്തിയ പ്രക്ഷോഭത്തിൽ താൻ പങ്കെടുത്തത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരിലല്ലെന്നും യുവതി പറഞ്ഞു. ലക്ഷ്മി ഒറാങ്ങിന്റെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ട് കേസ് 22ലേക്കു മാറ്റി.

യുവതിയുടെ നഗ്‌നചിത്രം പോസ്റ്റ് ചെയ്ത യോഗി ആദിത്യനാഥിന്റെ പേജിലുള്ള ഫെയ്‌സ് ബുക് അക്കൗണ്ട് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.