ഡോണൾഡ് ട്രംപ് 'സൈക്കോപാത്ത്'; തർക്കം കൊഴുപ്പിച്ച് ഉത്തര കൊറിയ

സോൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മനോദൗർബല്യമുള്ള (സൈക്കോപാത്ത്) വ്യക്തിയാണെന്ന് ഉത്തര കൊറിയ. ഒന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിപ്പിച്ച യുഎസ് വിദ്യാർഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയാണു ട്രംപിനെ വിമർശിച്ച് ഉത്തര കൊറിയ രംഗത്തെത്തിയത്. ഉത്തരകൊറിയയിലേതു കിരാത ഭരണകൂടമാണെന്നു ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊ‍ഡോങ് സിൻമൻ ആണ് യുഎസിനും ട്രംപിനും എതിരെ വിമർശമുന്നയിച്ചത്. 'യുഎസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഈ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗർബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്നു ദക്ഷിണ കൊറിയ പിന്നീടു തിരിച്ചറിയും..'- റിപ്പോർട്ട് പറയുന്നു.

അബോധാവസ്ഥയിലാണു ഓട്ടൊ വാംബിയർ യുഎസിൽ തിരിച്ചെത്തിയത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം. പ്രചാരണത്തിനുള്ള ബാനർ മോഷ്ടിച്ചെന്ന കുറ്റംചുമത്തി 15 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വാംബിയർ, തടവിൽ കൊടിയ പീഡനത്തിന് ഇരയായെന്നാണു വിവരം. കഴിഞ്ഞ വർഷം മാർച്ചിൽ വിചാരണയ്ക്കു തൊട്ടുപിന്നാലെ വാംബിയർ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനുശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയ വിശദീകരിക്കുന്നത്.