കേരളത്തിന്റെ പിടിപ്പുകേട്: എറണാകുളം - രാമേശ്വരം ട്രെയിൻ നഷ്ടപ്പെട്ടേക്കും

കൊച്ചി∙ മൂന്നു മാസമായി സ്പെഷൽ സർവീസായി ഒാടിയിരുന്ന എറണാകുളം - രാമേശ്വരം ട്രെയിൻ നഷ്ടപ്പെടാൻ സാധ്യത. കേരളത്തിൽ നിന്നുള്ള ഏക രാമേശ്വരം ട്രെയിനായതിനാൽ വൻ തിരക്കാണു ഈ ട്രെയിനിലുണ്ടായിരുന്നത്. പാലക്കാട്, പൊള്ളാച്ചി, പഴനി, മധുര വഴിയാണ് ഈ സർവീസ് ഒാടിച്ചിരുന്നത്. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പിടിപ്പുകേടു മൂലം ട്രെയിൻ 25ന് ശേഷം ഒാടുന്നതു അനിശ്ചിതത്വത്തിലാണ്. രണ്ടു മാസത്തേക്കു പ്രഖ്യാപിച്ച സർവീസ് തിരക്കു കണക്കിലെടുത്താണു ജൂൺ 25 വരെ നീട്ടിയത്. ജൂണിലും നല്ല തിരക്കായിരുന്നു ഈ ട്രെയിനിൽ. എന്നാൽ സർവീസ് സ്ഥിരപ്പെടുത്തണമെന്നു വിവിധ കോണുകളിൽനിന്നു ആവശ്യമുയർന്നിട്ടും റെയിൽവേ പരിഗണിക്കുന്നില്ല. തിരക്കേറിയ ട്രെയിൻ പ്രതിദിനമാക്കുന്നതിനു പകരം നിർത്തലാക്കാനുള്ള നീക്കമാണു ഇപ്പോൾ നടക്കുന്നത്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു ട്രെയിൻ സ്ഥിരപ്പെടുത്തണമെന്നു ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്കും ഒാപ്പറേറ്റിങ് വിഭാഗത്തിനും കൊമേഴ്സ്യൽ വിഭാഗം കത്തു നൽകിയെന്നാണു പറയുന്നത്. എന്നാൽ ഇങ്ങനെ ഒരു കത്ത് ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ ഒാപ്പറേറ്റിങ് വിഭാഗത്തിനു ലഭിച്ചിട്ടില്ല. കത്തു ഡിവിഷനിൽ തന്നെ മുക്കിയതായാണു സൂചന.

വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലാത്തതിനാൽ കേരളത്തിനു പുതിയ ട്രെയിനുകൾ ലഭിക്കാനും നിലവിലുള്ള സ്പെഷൽ ട്രെയിനുകൾ പ്രതിദിനമാക്കാനും കഴിയാത്ത അവസ്ഥയാണ്. കൂടുതൽ ട്രെയിനുകളോടിയാൽ അത്രയും ജോലി കൂടുമെന്നതിനാൽ കഴിവതും ട്രെയിനോടിക്കാതിരിക്കാനുള്ള തടസവാദങ്ങൾ കണ്ടെത്തലാണ് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി. ശുപാർശ സമർപ്പിച്ചുവെന്നു പറയുന്ന ട്രെയിനുകളൊന്നും തന്നെ സർവീസ് ആരംഭിച്ചിട്ടില്ല. എറണാകുളം - സേലം ഇന്റർസിറ്റി, എറണാകുളം - വേളാങ്കണി ട്രെയിൻ, തിരുവനന്തപുരം - നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനായി ഒാടിക്കാനുള്ള നിർദേശം, കേരളത്തിലെ മെമു സർവീസുകൾ പ്രതിദിനമാക്കൽ, കണ്ണൂർ - ആലപ്പി, തിരുവനന്തപുരം - കണ്ണൂർ‍ ജനശതാബ്ദി പ്രതിദിനമാക്കൽ എന്നിങ്ങനെ നീളുന്ന പട്ടിക.

ലാഭകരമായ ചെന്നൈ - എറണാകുളം സുവിധ സ്പെഷൽ, കൊച്ചുവേളി - മംഗളൂരു പ്രതിവാര ട്രെയിൻ, കൊച്ചുവേളി - ഹൈദരാബാദ്, കൊച്ചുവേളി - ഗുവാഹത്തി തുടങ്ങിയ സർവീസുകൾ സ്ഥിരപ്പെടുത്താനും ഡിവിഷനിലുള്ളവരെ കൊണ്ടു സാധിച്ചിട്ടില്ല. മെമു സർവീസുകൾ പ്രതിദിനമാക്കാൻ ഒരു മെമു റേക്ക് കൂടി മാത്രമാണു വേണ്ടത്. കഴിഞ്ഞ നാലു കൊല്ലമായി ഒരു മെമു റേക്ക് വാങ്ങിച്ചെടുക്കാൻ കഴിയാത്തവരാണു ഡിവിഷന്റെ തലപ്പത്ത് ഇരുന്നു യാത്രക്കാരുടെ ആവശ്യങ്ങളെ പുച്ഛത്തോടെ കാണുന്നത്. എന്തു ചോദിച്ചാലും കത്തയച്ചിട്ടുണ്ടെന്നു പതിവു മറുപടി നൽകുന്നവർ കത്തുകൾ മുക്കി തുടങ്ങിയെന്നതാണു സമീപകാലത്തുണ്ടായ ഏക മാറ്റം.

തങ്ങൾ പറയുന്നതൊന്നും ദക്ഷിണ റെയിൽവേ ആസ്ഥാനത്തുള്ളവർ കേൾക്കുന്നില്ലെന്നാണ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഡിവിഷനിൽനിന്നുള്ള ആവശ്യങ്ങൾ സോണിൽ കേൾക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് ഇങ്ങനെ ഒരു സംവിധാനം. ഇതൊക്കെ പിരിച്ചുവിട്ടുകൂടെയെന്നു യാത്രക്കാരുടെ സംഘടനകൾ ചോദിക്കുന്നു. ഡിവിഷൻ - സോൺ - റെയിൽവേ ബോർഡ് എന്നിങ്ങനെയാണു റെയിൽവേ സംവിധാനം പ്രവർത്തിക്കുന്നത്. ഡിവിഷനിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾ സോണിൽ (കേരളത്തിന്റെ കാര്യത്തിൽ ദക്ഷിണ റെയിൽവേ) പരിഗണിച്ചു തുടർനടപടി ബോർഡിൽ നിന്നുണ്ടാകണം. എന്നാൽ കേരളത്തിലെ രണ്ടു ഡിവിഷനുകൾ (തിരുവനന്തപുരം, പാലക്കാട്) അയയ്ക്കുന്ന കത്തുകൾ ദക്ഷിണ റെയിൽവേ ആസ്ഥാനത്തിനപ്പുറം പോകുന്നില്ല. ബോർഡിൽ പോകാതെ തീരുമാനം എടുക്കാൻ കഴിയുന്ന കാര്യങ്ങളിൽ പോലും നടപടിയില്ലെന്നതാണു ഖേദകരമായ വസ്തുത.

കേരളത്തിൽനിന്നു യാത്രക്കാർ എന്തു ചോദിച്ചാലും ടെർമിനൽ സൗകര്യമില്ല, ആവശ്യത്തിനു പിറ്റ്‌ലൈനില്ല എന്ന പതിവു മറുപടിയാണു റെയിൽവേ നൽകുന്നത്. എന്നാൽ റെയിൽവേ പ്രഖ്യാപിച്ച നേമം ടെർമിനലും എറണാകുളത്തേയും കൊച്ചുവേളിയിലേയും പി‌റ്റ് ലൈൻ പദ്ധതികളും എറണാകുളം - ഷൊർണൂർ മൂന്നാം പാതയുമൊക്കെ എവിടെയെന്നു ചോദിച്ചാൽ റെയിൽവേയുടെ തനിനിറം കാണാം. ഏപ്രിൽ പൂർത്തിയാക്കുമെന്ന പറഞ്ഞ കൊച്ചിൻ ഹാർബർ ടെർമിനസ് നവീകരണം ജൂൺ കഴിയാറായിട്ടും ഒച്ചിഴയുന്ന വേഗത്തിൽ ഇഴയുകയാണ്. നേമവും കൊച്ചുവേളി നാലാം പിറ്റ്‌ലൈനും എറണാകുളം മാർഷലിങ് യാർഡിലെ മൂന്നാം പിറ്റ് ലൈനുമെല്ലാം ഫയലുകളിൽ മാത്രമാണുള്ളത്. പദ്ധതികൾക്കുമേൽ അടയിരിക്കുന്ന റെയിൽവേ തന്നെയാണു അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈൻ സൗകര്യവും ട്രെയിൻ നിർത്താനുള്ള ടെർമിനൽ സൗകര്യവും കേരളത്തിൽ ഇല്ലെങ്കിൽ അതിനു ഉത്തരവാദികൾ. അല്ലാതെ കാശു കൊടുത്ത യാത്ര ചെയ്യുന്ന യാത്രക്കാരല്ലെന്നതു ഡിവിഷനിലെയും ദക്ഷിണ റെയിൽവേയിലെയും മേലാളൻമാർ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പാക്കേണ്ട എംപിമാർ ഉറക്കത്തിലായതിനാൽ കേരളത്തിന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ ഇല്ലെന്നതാണു യാഥാർത്ഥ്യം.