ജീവനെടുത്ത് സംസ്ഥാനത്ത് പനി പടരുന്നു; പിഞ്ചുകുഞ്ഞടക്കം എട്ടുപേർ കൂടി മരിച്ചു

പനിബാധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവർ (ഫയൽ ചിത്രം).

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പനി ബാധിച്ച് പിഞ്ചുകുഞ്ഞടക്കം എട്ടുപേർകൂടി മരിച്ചു. പാലക്കാട് ആലത്തൂരില്‍ പതിനൊന്ന് മാസം പ്രായമായ കുഞ്ഞും തൃശൂരില്‍ രണ്ട് പേരും കോട്ടയത്തും ആലപ്പുഴയിലും ഒരോരുത്തരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. കോട്ടയത്ത് ഒരാൾ പകർച്ചപ്പനിയും ബാധിച്ച് മരിച്ചു.

ആലത്തൂര്‍ ചണ്ടക്കാട് കോതക്കുളം വീട്ടില്‍ സഫര്‍ അലി–നജ്‌ല ദമ്പതികളുടെ മകന്‍ മുഹമ്മദ് സഫ്‌വാന്‍, തൃശൂര്‍ കുരിയച്ചിറ തെങ്ങുംതോട്ടത്തിൽ ബിനിത ബിജു, ഒല്ലൂർ ചക്കാലമുറ്റം വൽസ ജോസ്, കോട്ടയം നീണ്ടുര്‍ സ്വദേശി ഗീത, മാവേലിക്കര കുറത്തികാട് സ്വദേശി സുബിൻ (18) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. സുബിൻ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. പകര്‍ച്ചപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന തൃശൂര്‍ ചേലക്കര പക്കാലപ്പറമ്പില്‍ സുജാതയും കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി സോമനും ഇന്ന് മരിച്ചു. ഇടുക്കി കുടയത്തൂര്‍ ശരംകുത്തിയില്‍ സന്ധ്യ രഘു പകര്‍ച്ചപ്പനി ബാധിച്ചാണ് മരിച്ചത്.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചിരുന്നതായും സംശയമുണ്ട്. 178 പേർക്ക് ഡങ്കിപ്പനിയും നാലു പേർക്ക് എലിപ്പനിയും ആറു പേർക്ക് എച്ച് 1 എൻ 1 ഉം സ്ഥിരീകരിച്ചു. ഇരുപത്തി മൂവായിരത്തി നാനൂറ്റി മുപ്പത്തിനാല് പേർ ചികിൽസ തേടി.