Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകർച്ചപ്പനി: കൊതുകുകൾ‌ പെറ്റു പെരുകുന്നത് വീടുകളിലാണെന്നു മന്ത്രി

mosquito

തിരുവനന്തപുരം∙ പകർച്ചപ്പനി പരത്തുന്ന കൊതുകുകളിൽ 60% പെറ്റുപെരുകുന്നതു വീടുകളിൽ തന്നെയാണെന്ന് ആരോഗ്യ വകുപ്പിന്റെ സർവേ. മന്ത്രി കെ.കെ.ശൈലജയാണു നിയമസഭയിൽ ഇക്കാര്യമറിയിച്ചത്. പകർച്ചപ്പനി പടരുന്നതിനെതിരെ ജാഗ്രത ആവശ്യപ്പെട്ട് അബിദ് ഹുസൈൻ തങ്ങൾ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി.

പൂച്ചട്ടികൾ, ഫ്രിഡ്ജിനു താഴെയുള്ള ട്രേ, പഴയ ടയറുകൾ തുടങ്ങി വീടുമായി ബന്ധപ്പെട്ടു വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലാണു കൊതുകുകൾ കൂടുതലായും പെരുകുന്നത്. മഴ ഇനി കൂടാനിടയുള്ളതിനാൽ പനിബാധിതരുടെ സംഖ്യയും വർധിക്കാം. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. ഡെങ്കിപ്പനി പരത്തുന്ന രണ്ടുതരം കൊതുകുകളും കേരളത്തിലുണ്ട്. ഉറവിടത്തിൽ തന്നെ ഇവയെ ഇല്ലായ്മ ചെയ്യുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം.

റോഡ് നന്നാക്കുന്നില്ലെന്നാക്ഷേപിച്ച് ചെളിയിൽ കുളിച്ചു പ്രതിഷേധിച്ച മുഴുവൻ‍ പേർക്കും മഞ്ഞപ്പിത്തം പിടിച്ച സംഭവം ഈയിടെയുണ്ടായി. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ആരോഗ്യ വകുപ്പും ആശുപത്രികളുമല്ലാം പൂർണമായും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

∙കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ 60 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം നൽകി പെൻഷൻ അനുവദിക്കുന്നതു പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ വ്യവസ്ഥ ഉൾക്കൊള്ളിച്ചു നിയമഭേദഗതി പരിഗണിക്കുന്നെന്നും വി.കെ.അബ്ദുൽ ഖാദറിനെ അറിയിച്ചു.

∙ആശാ വർക്കർമാരുടെ ഓണറേറിയം 4000 രൂപയാക്കിയെങ്കിലും കൂട്ടിയ തുക ലഭിക്കുന്നില്ലെന്ന ആക്ഷേപം ധനവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു(സബ്മിഷൻ–കോവൂർ കുഞ്ഞുമോൻ).

∙ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഖ്യ അഞ്ചിൽ കൂടുതലുള്ള വിദ്യാലയങ്ങളിൽ പ്രത്യേക എജ്യുക്കേറ്റർമാരുടെ സേവനം ഉറപ്പാക്കുമെന്നു മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു(സബ്മിഷൻ–പി. ശശി).