79 പേർ മരിച്ച ലണ്ടൻ ഗ്രെൻഫെൽ ടവർ ദുരന്തം; തീ പടർന്നത് ഫ്രിജിൽനിന്ന്

ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിലെ ഗ്രെൻഫെൽ ടവർ ഫ്ലാറ്റ് സമുച്ചയത്തിൽ തീ പിടിച്ചത് ഫ്രിജിൽ നിന്നാണെന്നു പൊലീസ്. 79 പേരാണു അപകടത്തിൽ മരിച്ചത്. തീപിടിത്തം അട്ടിമറിയല്ല, അപകടമാണെന്നും പൊലീസ് വ്യക്തമാക്കി.

24 നിലകളിലായി 120 ഫ്ലാറ്റുകളാണു കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഇവ പൂർണമായും കത്തിനശിച്ചു. ഇടത്തരക്കാർ താമസിക്കുന്ന ഫ്ലാറ്റുകളാണിത്. കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ലണ്ടൻ നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധകളിലൊന്നാണ് ഗ്രെൻഫെൽ ടവറിൽ ഉണ്ടായത്.

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. താമസസ്ഥലം നഷ്ടപ്പെട്ടവരെ സമീപപ്രദേശങ്ങളിൽ പുനരധിവസിപ്പിക്കുമെന്നു പുതിയ സർക്കാരിലെ ഭവനമന്ത്രി, ഇന്ത്യൻ വംശജനായ അലോക് ശർമ പറഞ്ഞു.