ഐഎസ് താവളങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ പടക്കപ്പലിൽ നിന്നും ക്രൂസ് മിസൈൽ ആക്രമണം

ലണ്ടൻ ∙ സിറിയയിലെ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ താവളങ്ങൾ ലക്ഷ്യമാക്കി റഷ്യൻ പടക്കപ്പലിൽ നിന്നു ദീർഘദൂര ക്രൂസ് മിസൈൽ വിക്ഷേപിച്ചു. രണ്ടു പടക്കപ്പലുകളിൽ നിന്നും ഒരു അന്തർവാഹിനിയിൽ നിന്നുമായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഭീകരരെ വ്യോമാക്രമണത്തിലൂടെ പിന്നീട് വധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.

ക്യാമറയിൽ പകർത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. സിറിയയിലെ ഹമാ പ്രവിശ്യയിലെ ഐഎസ് ഭീകരരുടെ താവളത്തിലും ആയുധങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തുമാണ് ആക്രമണം നടത്തിയത്. ശേഷിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിൽ വ്യോമാക്രമണം നടത്തി. എന്നാൽ, എപ്പോഴാണ് ആക്രമണം നടത്തിയതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

ആക്രമണ വിവരം തുർക്കിയെയും ഇസ്രേയൽ സൈന്യത്തെയും നേരത്തെ അറിയിച്ചിരുന്നുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യവും സിറിയയിലെ പാൽമിറയിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു.