പാക്ക് സംഘം എത്തിയത് മൃതദേഹം വികൃതമാക്കി ദൃശ്യം പകർത്തുന്നതിനുള്ള തയാറെടുപ്പുമായി

(Representative Image)

ജമ്മു∙ പൂഞ്ച് മേഖലയിൽ ഇന്ത്യൻ അതിർത്തിയിലേക്കു കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) എത്തിയത് വൻ ആയുധശേഖരത്തിനൊപ്പം പിച്ചാത്തി, ക്യാമറ തുടങ്ങിയ സാമഗ്രികളുമായെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈനികരെ ആക്രമിച്ച് മൃതദേഹം വികൃതമാക്കുന്നതിനായിട്ടാണ് ഇവർ പ്രത്യേകം തയാറാക്കിയ പിച്ചാത്തിയുമായി എത്തിയതെന്നാണ് അനുമാനം. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനാണ് ശിരസിൽ ഘടിപ്പിക്കാവുന്ന ക്യാമറ കൊണ്ടുവന്നതെന്ന് കരുതുന്നു. പാക്ക് സൈനിക വിഭാഗമായ ബിഎടിയിൽ വിദഗ്ധ പരിശീലനം ലഭിച്ച ഭീകരരെയും ഉൾപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്.

എന്നാൽ, ഇന്ത്യൻ സൈന്യത്തിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ഇവർക്ക് ദൗത്യം പൂർത്തിയാക്കാനായിരുന്നില്ല. ഈ മേഖലയിൽ ഇതു മൂന്നാം തവണയാണു പാക്ക് നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കുന്നത്. നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. മറാഠാ ലൈറ്റ് ഇൻഫെൻട്രിയിലെ ജാദവ് സന്ദീപ് സർജിറാവു, മാനം സവാൻ ബൽക്കു എന്നിവരാണു മരിച്ചത്. നുഴഞ്ഞുകയറ്റക്കാരും പാക്ക് പോസ്റ്റിലെ സൈനികരും ഇന്ത്യൻ സൈനികർക്കു നേരെ നിറയൊഴിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ഭൂപ്രദേശത്തേക്ക് 600 മീറ്ററോളം കടന്ന ഒരു നുഴഞ്ഞുകയറ്റക്കാരൻ ഇന്ത്യൻ തിരിച്ചടിയിലും കൊല്ലപ്പെട്ടു. സാരമായി പരുക്കേറ്റ ഒരാളെ ബിഎടി അവരുടെ ക്യാംപിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ഗുൽപുർ സെക്ടറിൽ നടത്തിയ പരിശോധനയ്ക്കിടെ കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം കണ്ടെത്തിയതായും അത് ലോക്കൽ പൊലീസിനു കൈമാറിയെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.

ആയുധങ്ങൾ, പ്രത്യേകം തയാറാക്കിയ പിച്ചാത്തി, കത്തി, ഒരു എകെ റൈഫിൾ, മൂന്ന് മാസികകൾ, രണ്ട് ഗ്രനേഡുകൾ, വസ്ത്രങ്ങൾ, ബാഗുകൾ, ക്യാമറ തുടങ്ങിയവ വെടിവയ്പു നടന്ന പ്രദേശത്തുനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ വികൃതമാക്കി ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള തയാറെടുപ്പ്, പാക്ക് സൈന്യത്തിന്റെ കിരാത മനസിന്റെ തെ‌ളിവാണെന്ന് ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടി.