പോസ്റ്ററുകളിൽ നിറഞ്ഞ് ഹാഫിസ് സയീദും വാനിയും; ഈദ് ദിനത്തിലും കശ്മീർ അശാന്തം

ശ്രീനഗറിൽ കല്ലെറിയുന്ന പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുന്നു.

ശ്രീനഗർ ∙ ഈദുൽ ഫിത്‌ർ ദിനത്തിലും കശ്മീർ താഴ്‌വരയിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും സുരക്ഷാ സേനയും കശ്മീരി യുവാക്കളും തമ്മിൽ സംഘർഷമുണ്ടായി. ചിലയിടങ്ങളിൽ സുരക്ഷാ സേനയ്ക്കുനേരെ കല്ലേറുണ്ടായതായും റിപ്പോർട്ടുണ്ട്. ഈദ്ഗാഹിനുശേഷം സംഘടിച്ചെത്തിയവരാണ് സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് വിവരം.

ശ്രീനഗർ, സോപോർ, അനന്ത്നാഗ്, രാജ്പോറ, ഷോപ്പിയാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘർഷമുണ്ടായത്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. പാക്ക് പതാകയുമേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. മറ്റിടങ്ങളിൽ സ്ഥിതി ശാന്തമായിരുന്നു. ഈദ് ദിനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വിഘടനവാദി നേതാക്കളെ നേരത്തെ തന്നെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. സയ്യിത് അലി ഗീലാനി, മിർവയ്‌സ് ഉമർ ഫാറൂഖ് തുടങ്ങിയവരെല്ലാം വീട്ടുതടങ്കലിലാണ്.

അതിനിടെ, ഈദുൽ ഫിത്റുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെയും ഹിസ്ബുൾ നേതാവ് സയീദ് സലാഹുദ്ദീന്റെയും സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ച ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനിയുടെയും ചിത്രങ്ങൾ ചേർത്തത് വിവാദമായി. കശ്മീർ താഴ്‍വരയിലെ വിഘടനവാദി നേതാക്കളായ മസ്റത്ത് ആലം, സയീദ് അലി ഗീലാനി എന്നിവരുടെ ചിത്രങ്ങളും ദക്ഷിണ കശ്മീരിലെ പുൽവാമയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഇടംപിടിച്ചു.