‘അയാൾ ഹിറ്റ്ലറാണ്’ : ട്രംപിനെ കുറ്റപ്പെടുത്തി ഉത്തര കൊറിയ

സോൾ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഹിറ്റ്ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിനെ ‘ഭ്രാന്തൻ’ എന്നു കഴിഞ്ഞദിവസം വിശേഷിപ്പിച്ചതിനു പിന്നാലെയാണു പുതിയ പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂൺ ജേ ഇൻ യുഎസ് സന്ദർശിക്കുന്നതിനു തൊട്ടുമുൻപാണ് ഉത്തരകൊറിയൻ പ്രതികരണം. 

ഉത്തരകൊറിയയുടെ വാർത്താ ഏജൻസി കെസിഎൻഎയുടെ മുഖപ്രസംഗത്തിലാണു ട്രംപിന്റെ നിലപാടുകൾ ഹിറ്റ്ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നതാണെന്നു വിശേഷിപ്പിച്ചത്. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന നയം സൈനിക ശക്തിയിലൂടെ ലോകത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഉത്തരകൊറിയയിൽ 18 മാസം തടവിൽ കഴിഞ്ഞ യുഎസ് വിദ്യാർഥി ഓട്ടോ വാംബിയറെ യുഎസിനു കൈമാറിയതിനു പിന്നാലെ മരണമടഞ്ഞ പശ്ചാത്തലത്തിൽ യുഎസ് – കൊറിയ ബന്ധം കൂടുതൽ വഷളായിരുന്നു.