കാഞ്ഞിരപ്പള്ളിയിൽ വൻമരം കടപുഴകി വീണു; വിദ്യാർഥികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളിയിൽ സ്കൂൾ ബസിനു മുകളിലേക്ക് മരം വീണുണ്ടായ അപകടം

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ സ്കൂള്‍ബസിനു മുകളിലേയ്ക്ക് വന്‍മരം കടപുഴകി വീണു. ബസിലുണ്ടായിരുന്ന ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂളിലെ 20 വിദ്യാര്‍ഥികളും പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. രാവിലെ ഒൻപതു മണിയോടെ വിദ്യാർഥികളുമായി സ്കൂളിലേക്കു വരുന്ന വഴിക്കാണ് ബസിനു മുകളിലേക്ക് വൻമരം കടപുഴകി വീണത്.

റോഡിനു കുറുകെ വീണ മരത്തിന്റെ മുകൾഭാഗം സമീപത്തുണ്ടായിരുന്ന കെട്ടിടത്തിനു മേൽ പതിച്ചതിനാൽ ബസിനു കാര്യമായ കേടുപാടു സംഭവിച്ചില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിദ്യാർഥികളെ ബസിൽനിന്നും പുറത്തെടുത്തത്. അപകടസ്ഥലത്തുണ്ടായിരുന്ന വൈദ്യുത കമ്പി പൊട്ടിവീഴാതിരുന്നതും വൻ അപകടം ഒഴിവാക്കി.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇവിടെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ തദ്ദേശഭരണാധികാരികൾ ഇതിനു തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥയിലുള്ള നിരവധി മരങ്ങൾ റോഡിന് ഇരുവശവും നിൽക്കുന്നത് ഇതുവഴിയുള്ള യാത്രയ്ക്ക് നിത്യഭീഷണിയാണ്.