താരങ്ങൾ ഒറ്റക്കെട്ടെന്ന് ‘അമ്മ’; ചോദ്യങ്ങളിൽ ക്ഷുഭിതരായി മുകേഷും ഗണേഷും

കൊച്ചി∙ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ക്ഷുഭിതരായി പ്രതികരിച്ച് താരസംഘടന 'അമ്മ'യുടെ ഭാരവാഹികൾ. കൊച്ചിയിൽ വാർഷിക പൊതുയോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണു താരങ്ങൾ സീറ്റിൽനിന്ന് എഴുന്നേറ്റ് മാധ്യമപ്രവർത്തകരോടു മറുപടി പറഞ്ഞത്. അമ്മ ഭാരവാഹികളും എംഎൽഎമാരുമായ മുകേഷിന്റെയും കെ.ബി. ഗണേഷ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിരോധം.

‘അമ്മ’യുടെ യോഗത്തിനിടെ മോഹൻലാൽ, ദിലീപ്, ഗണേഷ് കുമാർ

അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്, നടൻ ദേവൻ എന്നിവരും ചോദ്യങ്ങളോടു അസഹിഷ്ണുത കാണിച്ചു. അതേസമയം, വേദിയിലുണ്ടായിരുന്ന സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. തന്റെ ഭാഗം ദിലീപ് പറഞ്ഞശേഷം മാധ്യമങ്ങൾ വിശദീകരണം തേടിയപ്പോഴാണു താരങ്ങൾ പ്രകോപിതരായത്. ഒരാളോടു ചോദിച്ച ചോദ്യത്തിന് ഒന്നിലധികം പേരാണ് എഴുന്നേറ്റുനിന്നു മറുപടി പറഞ്ഞത്. അമ്മ ഒറ്റക്കെട്ടാണെന്നും രണ്ടുപേരും അമ്മയുടെ മക്കളാണെന്നും ആരെയും തള്ളിക്കളയാൻ സംഘടനയ്ക്കാവില്ലെന്നും ഭാരവാഹികൾ ആവർത്തിച്ചു. ഞങ്ങളിലൊരാളെ ഒറ്റപ്പെടുത്തി ചോര കുടിക്കാൻ ആരെയും സമ്മതിക്കില്ലെന്നു കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

∙ പരസ്യ പ്രതികരണമില്ല: ഇന്നസെന്റ്

നടിയെ ആക്രമിച്ച സംഭവം അമ്മയുടെ യോഗത്തിൽ ചർച്ചയായില്ലെന്നു പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. യോഗത്തിൽ ആരും ഈ വിഷയം ഉന്നയിച്ചില്ല. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേർക്കുമൊപ്പം സംഘടന നിലകൊള്ളുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇതേപ്പറ്റി പ്രതികരിക്കുന്നില്ല. മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളോടു പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുമായും ഡിജിപിയുമായും സംഘടന നേരത്തെ ഇതേപ്പറ്റി സംസാരിച്ചിരുന്നു. പരസ്യ പ്രതികരണങ്ങൾക്കു മുതിരരുതെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടു പോകുന്നത്. നടിമാരുടെ കൂട്ടായ്മയെ അമ്മ അംഗീകരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്കു വേണ്ട പ്രോൽസാഹനം നൽകുമെന്നും ഇന്നസെന്റ് പറഞ്ഞു.

∙ മുകേഷ്

ദിലീപിനെ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടോ എന്ന ചോദ്യമാണു മുകേഷിനെ പ്രകോപിപ്പിച്ചത്. ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുകയല്ലേയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണു നിങ്ങൾ പറയുന്നതെന്നും മുകേഷ് ചോദിച്ചു. ഞങ്ങൾക്കറിയാം കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. കസേരയിൽനിന്നെഴുന്നേറ്റുനിന്നാണു മുകേഷ് സംസാരിച്ചത്.

‘അമ്മ’യുടെ യോഗത്തിനിടെ ദിലീപ്, ലാൽ

∙ രണ്ട് അംഗങ്ങളെയും തള്ളിക്കളയില്ല: ഗണേഷ് കുമാർ

എല്ലാവരും ചോദ്യം ചോദിച്ചോളൂവെന്ന് ഞാൻ സ്റ്റേജിൽവന്നു യോഗത്തിൽ പറഞ്ഞിട്ടും അംഗങ്ങളാരും സംസാരിച്ചില്ലെന്നു കെ.ബി. ഗണേഷ് കുമാർ‌ പറഞ്ഞു. പൊലീസ് അന്വേഷണത്തെ അമ്മ ഒരിക്കലും തടസ്സപ്പെടുത്തില്ല. ദിലീപിന്റെ മൊഴി പൊലീസ് എടുത്തതിൽ സംഘടനയ്ക്കു പരാതിയില്ല. വിഷമം അനുഭവിക്കുന്ന രണ്ട് അംഗങ്ങളെയും തള്ളിക്കളയില്ല. അവരു രണ്ടുപേരെയും മക്കളായി കൊണ്ടുനടക്കും.