പി.സി.ജോർജ് തോക്കുചൂണ്ടിയ സംഭവം: മുണ്ടക്കയത്ത് ശനിയാഴ്ച ഹർത്താൽ

കോട്ടയം∙ എസ്റ്റേറ്റ് തൊഴിലാളികൾക്കു നേരെ പി.സി. ജോർജ് എംഎൽഎ തോക്കു ചൂണ്ടിയ സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടക്കയം പഞ്ചായത്തിൽ ശനിയാഴ്ച ഹർത്താലിന് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ ആറു വരെയാണു ഹർത്താൽ. ഹാരിസൺ മലയാളം പ്ലാന്റേഷൻ വക എസ്റ്റേറ്റ് അതിർത്തിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്.

ചാച്ചിക്കവല–വെള്ളനാടി റോഡരികിലായി മണിമലയാറിന്റെ പുറമ്പോക്കിൽ ചെക്ക്ഡാം ഭാഗം മുതൽ പുറമ്പോക്കിൽ 53 കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നുണ്ട്. ഇതിനോടു ചേർന്നാണു റബർ എസ്റ്റേറ്റിന്റെ അതിർത്തി. ഇവിടെ താമസിക്കുന്നവർ എസ്റ്റേറ്റ് വക സ്ഥലം കയ്യേറി വീടു പണിതെന്ന് ആരോപിച്ചു ബുധനാഴ്ച പുലർച്ചെ എസ്റ്റേറ്റിലെ തൊഴിലാളികൾ വീടുകൾക്കു നേരെ ആക്രമണം നടത്തുകയും വേലി പൊളിക്കുകയും ചെയ്തു.

പുറമ്പോക്കിൽ താമസിക്കുന്നവരുടെ പരാതി കിട്ടിയതോടെയാണു സ്ഥലം എംഎൽഎയായ പി.സി.ജോർജ് എത്തിയത്. കയ്യേറ്റമെന്ന് ആരോപിക്കുന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ എത്തിയ എസ്റ്റേറ്റ് തൊഴിലാളികളും ജോർജുമായി വാക്കുതർക്കം ഉണ്ടായി. റോഡിലേക്കു നടന്ന പി.സി.ജോർജ് വാഹനത്തിൽ കയറാൻ വന്നതോടെ തൊഴിലാളികൾ അദ്ദേഹത്തെ വളഞ്ഞു. അപ്പോൾ ജോർജ് കൈത്തോക്കെടുത്തു തൊഴിലാളികൾക്കു നേരെ ചൂണ്ടുകയായിരുന്നു.

തൊഴിലാളികൾ മുദ്രാവാക്യം വിളിയുമായി അടുത്തേക്കു വന്നതോടെ അദ്ദേഹം തോക്കു തിരികെ ഉറയിലിട്ടു. തുടർന്നു വാഗ്വാദമായി. തൊഴിലാളികൾ ജോർജിനെ തടഞ്ഞു വച്ചു. മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പി.സി.ജോർജിനെ കാറിൽ കയറ്റിവിടുകയായിരുന്നു.