നടിക്കെതിരായ അതിക്രമം: കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന

കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്താനെത്തിയ പൊലീസുകാരൻ

കാക്കനാട് (കൊച്ചി) ∙ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാവേലിപുരത്തെ വ്യാപാര സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. യുവനടിയെ തട്ടികൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫിസിൽ പരിശോധന നടത്തിയത്. നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിതെന്നു പൊലീസ് സൂചിപ്പിച്ചു. അതീവ രഹസ്യമായാണു പൊലീസ് സംഘമെത്തിയത്. 

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരിൽ നടൻ ദിലീപിനെ ബ്ലാക്മെയ്ൽ ചെയ്തു പണം ചോദിച്ചു ജയിലിൽനിന്നു പ്രതി സുനിൽ കുമാർ എഴുതിയ കത്തിൽ പരാമർശിക്കുന്ന ‘കാക്കനാട്ടെ ഷോപ്പി’നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണു സ്ഥാപനത്തിൽ നടത്തിയ പരിശോധന. ഇതു സംബന്ധിച്ചു സുനിൽ വിശദമായ മൊഴി നൽകിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തിൽ രണ്ടിടത്തു സുനിൽ പരാമർശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. 

നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവിൽപോകും മുൻപാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി മൊഴി നൽകിയത്. അപ്പോൾ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും ചില കാര്യങ്ങൾ തിരക്കിയിരുന്നു. പണമിടപാടു സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചു.