പൾസർ സുനിയെ പൊലീസ് മർദിച്ചുവെന്ന് ആരോപണം; കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. സുനിയെ പൊലീസ് മർദിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്റെ അപേക്ഷ. കാക്കനാട് മജിസ്ട്രേട്ട് കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു. കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

എന്നാൽ, പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനുള്ള സുനിയുടെ തന്ത്രമാണ് കസ്റ്റഡി റദ്ദാക്കൽ അപേക്ഷയ്ക്ക് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് പൊലീസ് തന്നെ മർദിച്ചുവെന്ന രീതിയിൽ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകയുടെ നടപടി. സുനിയുെട ശരീരം മുഴുവൻ വേദനയുണ്ടെന്നും പൊലീസ് പീഡിപ്പിക്കുന്നുണ്ടെന്നുമാണ് മനസിലാക്കാൻ സാധിച്ചത്. എന്റെ മരണമൊഴി എടുക്കേണ്ടിവരുമെന്ന് സുനി പറഞ്ഞതായി മാധ്യമങ്ങൾ വഴി മനസിലാക്കാൻ സാധിച്ചുവെന്നും അഭിഭാഷക പ്രതികരിച്ചു.

പൾസർ സുനിയെ അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കാക്കനാടു ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് കഴിഞ്ഞ ദിവസം സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യൽ.

അതിക്രമത്തിനു പിന്നിൽ ഒരു സൂത്രധാരനുണ്ടെങ്കിൽ ഇത്തവണ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. കേസിൽ അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്നു പൊലീസിനു ലഭിച്ചിരുന്നില്ല.