ഇടുക്കി ഹർത്താൽ: തൊടുപുഴയിൽ സംഘർഷം; സിഐ തോക്കെടുത്തു

ഹർത്താലിനെ അനുകൂലിച്ച് യുഡിഎഫിന്റെ പ്രകടനം. ചിത്രം: അരവിന്ദ് ബാല.

തൊടുപുഴ∙ യുഡിഎഫ് ഹര്‍ത്താലില്‍ തൊടുപുഴയില്‍ സംഘര്‍ഷം. ഹര്‍ത്താലനുകൂലികളെ പിരിച്ചുവിടാന്‍ തൊടുപുഴ സിഐ എന്‍.ജി. ശ്രീമോന്‍ തോക്കെടുത്തു. പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയടപ്പിക്കുന്നതിനിടെ വ്യാപാരികളെയും വഴിയാത്രക്കാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണു സിഐ തോക്കെടുത്തത്. പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഹർത്താലനുകൂലികൾ പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട്.

തൊടുപുഴയിൽ കെഎസ്‌യു മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്നവരെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിന് കേരള കോൺഗ്രസ് ജില്ലാ നേതൃത്വവും പിന്തുണ പ്രഖ്യാപിച്ചു. ലാത്തിച്ചാർജിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു.