പാരിസ് ഉടമ്പടിയിലെ പിന്മാറ്റം: ജി 20 രാജ്യങ്ങളെ പറഞ്ഞ് 'വിശ്വസിപ്പിച്ച്' ട്രംപ്

ജർമനിയിലെ ഹാംബുർഗിൽ ജി 20 സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോക നേതാക്കൾ

ഹാംബുർഗ് ∙ പാരിസ് ഉടമ്പടിയിൽനിന്നു പിന്മാറിയ യുഎസ് നീക്കത്തിന് ജി 20 ഉച്ചകോടിയിൽ അംഗീകാരം. പാരിസ് ഉടമ്പടിയിൽനിന്നു പിൻവാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മനസ്സുമാറ്റാനുള്ള ശ്രമം ഫലത്തിൽ നേരെ മറിച്ചാവുകയായിരുന്നു. 2015ലെ പാരിസ് ഉടമ്പടിയിൽ സ്വന്തംവഴിയ്ക്കു പോകാനുള്ള യുഎസ് തീരുമാനത്തെ അംഗീകരിക്കുന്നതായി ജർമനിയിൽ ജി 20 ഉച്ചകോടിയുടെ സമാപനശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അംഗരാജ്യങ്ങൾ വ്യക്തമാക്കി.

പാരിസ് ഉടമ്പടിയിൽനിന്നു പിന്മാറിയ ട്രംപിന്റെ മനസ്സുമാറ്റാൻ ജി 20 യോഗം ശ്രമിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ യോഗത്തിനുമുമ്പ് പറഞ്ഞിരുന്നു. എന്നാൽ‌ അംഗരാജ്യങ്ങൾക്കു തന്റെ നിലപാട് വിശദീകരിച്ചുകൊടുക്കുന്നതിൽ ട്രംപ് വിജയിക്കുകയായിരുന്നു. സമ്മേളനം പുറത്തിറക്കിയ 20 രാജ്യങ്ങൾ ഒപ്പിട്ട നയരേഖയിലാണ് ട്രംപിന്റെ വാദങ്ങളെ അംഗീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അതേസമയം, ഫോസിൽ ഇന്ധനങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനു മറ്റുരാജ്യങ്ങളുമായി സഹകരിക്കാനുള്ള വാഷിങ്ടണിന്റെ താൽപര്യത്തെയും സമ്മേളനം അംഗീകരിച്ചു. 'നീതിപൂർവകമായ വിപണനത്തിനാവശ്യമായ പ്രതിരോധ സംവിധാനങ്ങൾ' ഓരോ അംഗരാജ്യത്തിനും സ്വീകരിക്കാമെന്നും നയരേഖ അടിവരയിട്ടു പറയുന്നു. 'അമേരിക്ക ആദ്യം' എന്ന ട്രംപ് സർക്കാരിന്റെ നയത്തെ പിന്തുണയ്ക്കുന്നതാണു ജി 20 രാജ്യങ്ങളുടെ ഈ സമീപനവും.

വൻപ്രതിഷേധ പരിപാടികൾക്കിടെയാണ് ജി 20 സമ്മേളനം നടന്നത്. വേദിക്കു മുന്നിൽ മുതലാളിത്തത്തിനെതിരെ പ്രതിഷേധിച്ചവർ വാഹനങ്ങൾക്കും ബാരിക്കേഡുകൾക്കും തീയിട്ടതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും മുളകുസ്പ്രേയും പ്രയോഗിച്ചു. പ്രക്ഷോഭകർ കനേഡിയൻ പ്രതിനിധികൾ വന്ന വാഹനത്തിന്റെ ടയറുകൾ കുത്തിക്കീറുകയും മംഗോളിയയുടെ കോൺസലേറ്റ് ഓഫിസിന്റെ ജനാലകൾ തകർക്കുകയും ചെയ്തു. ഒരു ലക്ഷത്തിലേറെപ്പേരാണു പ്രതിഷേധവുമായി അണിനിരന്നത്.

∙ മല്യയെ ബ്രിട്ടൻ കൈമാറണം: മോദി

വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ കുറ്റവാളികളെ തിരിച്ചയക്കാൻ ബ്രിട്ടൻ സഹകരിക്കണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ജി 20 രാഷ്ട്ര നേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചയ്ക്കും നരേന്ദ്ര മോദി സമയം കണ്ടെത്തി.

17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടനു കത്തു നൽകിയിരുന്നു.

∙ ജി 20 കൂട്ടായ്മ

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, കാനഡ, ഓസ്ട്രേലിയ, അർജന്റീന, ഇറ്റലി, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവയാണ് അംഗങ്ങൾ.