Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റൊരു മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിടാൻ യുഎസ് ശ്രമിക്കുന്നു: ഉത്തരകൊറിയ

USA-TRUMP/TRIP-POPE

സോൾ ∙ യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സൈനികർ സംയുക്തമായി നടത്തിയ തൽസമയ സൈനിക അഭ്യാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരകൊറിയ. കൊറിയൻ മുനമ്പിനെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് ഇതിലൂടെ യുഎസ് നടത്തുന്നതെന്ന് അവർ ആരോപിച്ചു. ഉത്തരകൊറിയ ഭൂഖണ്ഡാന്തര ദീർഘദൂര മിസൈൽ പരീക്ഷിച്ച പശ്ചാത്തലത്തിലാണ് യുഎസും ദക്ഷിണകൊറിയയും ചേർന്ന് സൈനികാഭ്യാസം സംഘടിപ്പിച്ചത്.

എല്ലാവിധ നിയന്ത്രണങ്ങളും ഉപരോധങ്ങളും മറികടന്ന് മിസൈലുകൾ പരീക്ഷിക്കുന്നത് ഉത്തരകൊറിയ പതിവാക്കിയ പശ്ചാത്തലത്തിൽ, ഇതിനെതിരായ ശക്തമായ മുന്നറിയിപ്പെന്ന നിലയിലായിരുന്നു തൽസമയ സൈനികാഭ്യാസം. ‘ശത്രുരാജ്യത്തിന്റെ’ മിസൈൽ ബാറ്ററികളെ ലക്ഷ്യമിട്ട് രണ്ട് യുഎസ് ബോംബർ വിമാനങ്ങൾ നടത്തിയ ആക്രമണമായിരുന്നു സൈനികാഭ്യാസത്തിന്റെ സവിശേഷതകളിലൊന്ന്. ആക്രമണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി ഭൂമിക്കടിയിലുള്ള ഒളിയിടങ്ങൾ ലക്ഷ്യമിട്ട് കൊറിയൻ വിമാനങ്ങൾ നടത്തിയ അഭ്യാസവും ശ്രദ്ധനേടി. അഭ്യാസത്തിന്റെ ഭാഗമായി ഇരു കൊറിയകളുടെയും അതിർത്തിക്കു സമീപം യുഎസ് സൈനിക വിമാനങ്ങൾ എത്തിയത് ഉത്തരകൊറിയയുടെ കടുത്ത വിമർശനം വരുത്തിവച്ചിരുന്നു.

യുഎസ്–ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രമായ ‘റൊഡോങ്’ മുഖപ്രസംഗത്തിൽ കടുത്ത വിമർശനമാണ് അഴിച്ചുവിട്ടത്. അതീവ അപകടകരമായ സൈനിക പ്രകോപനത്തിലൂടെ കൊറിയൻ മുനമ്പിനെ ഒരു ആണവയുദ്ധത്തിന്റെ സാധ്യതയിലേക്ക് തള്ളിവിടാനാണ് യുഎസിന്റെ ശ്രമം. ചെറിയൊരു തെറ്റിദ്ധാരണ പോലും ആണവയുദ്ധത്തിനും, പിന്നീട് മറ്റൊരു ലോകമഹായുദ്ധത്തിനും കാരണമാകാനുള്ള സാധ്യത നിലനിൽക്കെയാണ് യുഎസും ദക്ഷിണകൊറിയയും ഇത്തരം പ്രകോപനങ്ങൾ ആവർത്തിക്കുന്നതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

പ്രകോപനമായി ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇക്കഴിഞ്ഞ ജൂലൈ നാലിന് ഉത്തരകൊറിയ അറിയിച്ചിരുന്നു. യുഎസിലെ അലാസ്ക വരെ എത്താൻ ശേഷിയുള്ളതാണു മിസൈൽ എന്നു അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തെ മറികടന്നാണ് അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഹ്വാസോങ്-14 മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്. ലോകത്തെവിടെയും ആക്രമണം നടത്താൻ ഇനി ഞങ്ങൾക്കു കഴിയും എന്നായിരുന്നു ഉത്തരകൊറിയൻ ദേശീയ ടെലിവിഷന്റെ പ്രഖ്യാപനം.

ഏകാധിപതി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. യുഎസ് സ്വാതന്ത്ര്യദിനത്തിനുള്ള (ജൂലൈ 4) സമ്മാനമാണിതെന്നായിരുന്നു ഉന്നിന്റെ പ്രതികരണം. കഴിഞ്ഞവർഷം മുതൽ ഉത്തരകൊറിയ മിസൈൽ - ആയുധ പരീക്ഷണങ്ങൾ വ്യാപകമായി നടത്തിവരികയാണ്. വടക്കു പടിഞ്ഞാറൻ നഗരമായ കുസോങ്ങിലെ ബാങ്യോൻ വ്യോമതാവളത്തിൽനിന്ന് വിക്ഷേപിച്ച മിസൈൽ ഉത്തരകൊറിയയ്ക്കും ജപ്പാനുമിടയിലുള്ള കടലിൽപതിക്കുന്നതിനു മുൻപ് 578 കിലോമീറ്റർ സഞ്ചരിച്ചെന്ന് ദക്ഷിണ കൊറിയൻ സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. 37 മിനിറ്റോളം മിസൈൽ പറന്നെന്ന് യുഎസ് സൈന്യവും അറിയിച്ചു.

ഇടവേളയ്ക്കുശേഷം വീണ്ടും സംഘർഷാവസ്ഥ

ആണവ പരീക്ഷണങ്ങൾ നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരാഴ്ച മുൻപ് രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ കാര്യത്തിൽ യുഎസിന്റെ ക്ഷമ നശിച്ചുവെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് വ്യക്തമാക്കിയത്. ഉത്തരകൊറിയയ്ക്കെതിരായ നടപടിയിൽ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്ന് മൂണും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉത്തരകൊറിയ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള സംയുക്ത മാർഗം കൂടിക്കാഴ്ചയിൽ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. ‘ഞങ്ങൾ ഉത്തര കൊറിയയിലെ കിരാതമായ ഭരണകൂടത്തിൽനിന്നും ഭീഷണി നേരിടുന്നുണ്ട്. മേഖലയിൽ നടത്തുന്ന ബാലിസ്റ്റിക്, ആണവ മിസൈൽ പരീക്ഷണങ്ങൾക്ക് തക്കതായ മറുപടി നൽകണം. സ്വന്തം ജനങ്ങള്‍ക്ക് സുരക്ഷ നൽകാത്ത ഉത്തരകൊറിയ അയൽക്കാരോടും ബഹുമാനം കാണിക്കുന്നില്ല.’–ട്രംപ് പറഞ്ഞു.

മനുഷ്യജീവനു യാതൊരു വിലയും കൽപ്പിക്കാത്ത രാജ്യവുമായി നയതന്ത്ര ബന്ധത്തിനില്ലെന്നും ട്രംപ് ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വ്യക്തമാക്കിയിരുന്നു. ക്ഷമ കാണിക്കുകയെന്ന സ്ഥിതി ഉത്തരകൊറിയയുടെ കാര്യത്തിൽ പരാജയപ്പെട്ടു. വർഷങ്ങളായി ഇക്കാര്യം പരാജയമാണ്. തുറന്നു പറഞ്ഞാൽ, ക്ഷമ അവസാനിച്ചുവെന്നും ട്രംപ് തുറന്നടിച്ചു. യുഎസ് സന്ദർശനത്തിനിടെയാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.