ലണ്ടനിൽ സന്ദർശനം നടത്തുമെന്ന് ട്രംപ്; ബ്രിട്ടീഷ് സന്ദർശനം വീണ്ടും ചർച്ചയാകുന്നു

ലണ്ടൻ∙ ബ്രിട്ടനിലേക്കുള്ള ഔദ്യേോഗിക സന്ദർശനം ഉപേക്ഷിച്ചിട്ടില്ലെന്നും തീർച്ചയായും ലണ്ടനിലേക്കു പോകുന്നുണ്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഏറെക്കുറെ കെട്ടടങ്ങിയ വിവാദത്തിനു വീണ്ടും തിരികൊളുത്തി. ജർമനിയിലെ ഹാംബർഗിൽ ജി-20 ഉച്ചകോടിക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തിയശേഷം ശനിയാഴ്ച വാർത്താലേഖകരോടു സംസാരിക്കവേയാണ് ലണ്ടനിലേക്കു വരുന്നുണ്ടെന്ന് ട്രംപ് തുറന്നു പ്രഖ്യാപിച്ചത്. സന്ദർശനത്തിന്റെ സമയമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയില്ലെങ്കിലും എതിർപ്പുകൾക്കിടയിലും ബ്രിട്ടന്റെ ഔദ്യോഗിക ക്ഷണം നിരസിച്ചിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് ഇതിലൂടെ നൽകിയത്. സന്ദർശനങ്ങളെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. 

കൂടുതല്‍ വിദേശവാര്‍ത്തകള്‍ക്ക്‌

ട്രംപ് സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ വാഷിങ്ടനിലെത്തി അദ്ദേഹത്തെ സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയാണ് കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് തിടുക്കത്തിൽ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചത്. മുസ്‌ലിം വിരുദ്ധതയുടെ പേരിലും ബ്രക്സിറ്റ് അനുകൂല നിലപാടിന്റെ പേരിലും വിവാദനായകനായ ട്രംപിനെ പ്രസിഡന്റെന്ന പേരിൽ അദ്ദേഹത്തിന്റെ നിലപാടുകൾ അറിയുന്നതിനുമുമ്പേ സന്ദർശനത്തിനായി ക്ഷണിച്ചത് അന്നേ വിവാദമായിരുന്നു. ഇതിന്റെപേരിൽ ലണ്ടനിൽ വൻ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറി. 

മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും ലേബർ പ്രതിനിധിയായ ലണ്ടൻ മേയർ സാദിഖ് ഖാനുമാണ് ട്രംപിന്റെ ബ്രിട്ടനിലെ മുഖ്യവിമർശകർ. ട്രംപ് ലണ്ടനിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞമാസവും സാദിഖ് ഖാൻ തുറന്നടിച്ചിരുന്നു. 

തെരേസ മേയുടെ പുതിയ സർക്കാരിന്റെ രണ്ടുവർഷത്തെ കർമപരിപാടികൾ വിശദീകരിച്ചുകൊണ്ട് രണ്ടാഴ്ചമുമ്പ് രാജ്ഞി പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ട്രംപിന്റെ സന്ദർശനത്തെക്കുറിച്ച് പരാമർശമുണ്ടായില്ല. ഇതും മാധ്യമങ്ങളിൽ ചർച്ചാവിഷയമായി. ട്രംപിന്റെ സന്ദർശനം അനിശ്ചിതത്വത്തിലാണെന്ന പ്രചാരണം ഇങ്ങനെ സജീവമായിരിക്കെയാണ് അദ്ദേഹം തന്നെ ഇപ്പോൾ സന്ദർശന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും അടുത്തയാഴ്ചകളിലൊന്നും ഈ സന്ദർശനം ഉണ്ടാകാനിടയില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസും സൂചന നൽകുന്നത്. അമേരിക്കയും ബ്രിട്ടനുമായി സമഗ്രവും ശക്തവുമായ പുതിയ വ്യാപാര- വാണിജ്യ ഉടമ്പടി ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരു നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാത്രമേ പ്രസിഡന്റിന്റെ സന്ദർശനവും ഉണ്ടാകാനിടയുള്ളൂ എന്നാണ് സൂചന. അങ്ങനെയെങ്കിൽ അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാകണം. ബ്രക്സിറ്റ് ചർച്ചകൾ പൂർത്തിയാകുന്ന മുറയ്ക്കേ ഇതു സാധ്യമാകൂ.