തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ ഉണ്ടാകില്ല; ഒരു വിഭാഗം സ്വകാര്യ ആശുപത്രികൾ അടച്ചിടും

തിരുവനന്തപുരത്ത് സ്വകാര്യ നഴ്സുമാർ നടത്തുന്ന സമരത്തിൽനിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികൾ അടച്ചിട്ട് തിങ്കളാഴ്ച മുതൽ നഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം നേരിടാൻ മാനേജ്മെന്റുകളുടെ നീക്കം. ഒരു വിഭാഗം മാനേജുമെന്റുകളാണ് ആശുപത്രികൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗം ഉള്‍പ്പെടെ അവശ്യം പ്രവർത്തിക്കേണ്ടവ മാത്രമേ പ്രവർത്തിക്കൂവെന്നും അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്െകയര്‍ പ്രൊവൈഡേഴ്സ് അറിയിച്ചു. ഡയാലിസസ് മുടങ്ങില്ലെന്നും ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ ആശുപത്രികൾ അടച്ചിടില്ലെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷനും പറഞ്ഞു. പകർച്ചവ്യാധി ഉൾപ്പെടെയുള്ളവയുടെ സമയത്തെ സമരം ഒഴിവാക്കുകയാണ് നല്ലതെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്െകയര്‍ പ്രൊവൈഡേഴ്സ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നഴ്സുമാരുടെ സമരപ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് സമ്മർദ തന്ത്രമായാണ് ആശുപത്രികൾ അടച്ചിടാൻ നീക്കം നടക്കുന്നത്. തിങ്കളാഴ്ച മുതലാണ് നഴ്സുമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ മാത്രം അത്യാഹിത വിഭാഗം പ്രവർത്തിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

അതിനിടെ, നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മിനിമം വേതനം നിശ്ചയിച്ചിട്ടും നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സമ്മർദ തന്ത്രം ശക്തമായി നേരിടുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച മുതലുള്ള പണിമുടക്കില്‍ മാറ്റമില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കുമെന്ന് പ്രസിഡന്‍റ് ജാസ്മിന്‍ ഷാ തൃശൂരില്‍ അറിയിച്ചു. എണ്‍പതിനായിരത്തോളം നഴ്സുമാരെ പങ്കെടുപ്പിച്ച് 21 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപരോധസമരം നടത്തും. നഴ്സുമാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് യു.എന്‍.എ ആരോപിച്ചു.