ദിലീപിന്റെ കയ്യേറ്റം തുണച്ച് മന്ത്രി; പകരം ബന്ധുവിനു സിനിമാ വേഷം

കൊച്ചി ∙ ആഡംബര സിനിമാ സമുച്ചയമായ ഡി– സിനിമാസ് നിർമിക്കാൻ ദിലീപ് ചാലക്കുടിയിലെ ഒരേക്കർ സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയിൽ നടപടി തുടങ്ങിയ ജില്ലാ ഭരണകൂടത്തെ തടഞ്ഞത് ഒരു മന്ത്രിയെന്ന് ആക്ഷേപം. പ്രത്യുപകാരമായി മന്ത്രിയുടെ അടുത്ത ബന്ധുവിനു സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയ ദിലീപ് ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്തെന്നാണു സൂചന.

ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതി, ലാൻഡ് റവന്യു കമ്മിഷണറോട് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. കമ്മിഷണറുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ തൃശൂർ കലക്ടർ എതിർകക്ഷിയായ ദിലീപിന് അനുകൂലമായ റിപ്പോർട്ടാണു നൽകിയത്. 

സർക്കാർ പുറമ്പോക്കില്ലെന്ന സത്യവാങ്മൂലവും കലക്ടർ സമർപ്പിച്ചു. സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ഇന്നത്തെ മന്ത്രിയുടെ സ്വാധീനത്തെ തുടർന്നാണു കലക്ടർ അനുകൂല റിപ്പോർട്ടു നൽകിയതെന്നാണു വിവരം.