എം.ടി. രമേശിനെ കുടുക്കാൻ കമ്മിഷൻ അംഗങ്ങൾ ശ്രമിച്ചു: ആർ.എസ്. വിനോദ്

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിനു കേന്ദ്ര മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശിനെ കുടുക്കാൻ ശ്രമിച്ചെന്ന് ബിജെപി പുറത്താക്കിയ നേതാവ് ആർ.എസ്. വിനോദ്. സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത എം.ടി. രമേശിന്റെ പേരുപറയാൻ അന്വേഷണ കമ്മിഷൻ അംഗങ്ങൾ പല തവണ നിർബന്ധിച്ചു. പരാതിക്കാരനായ വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ.ഷാജിയോടും എം.ടി. രമേശിന്റെ പേരുപറയാൻ ആവശ്യപ്പെട്ടുവെന്നും ആർ.എസ്. വിനോദ് മനോരമ ന്യൂസ് ‘കൗണ്ടർ പോയിന്റി’ൽ വെളിപ്പെടുത്തി. 

പാർട്ടി ആവശ്യപ്പെട്ടാൽ ഇതിന്റെ തെളിവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

കോളജ് ഉടമയോട് ടെലിഫോൺ വഴിയാണ് എം.ടി. രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടത്. എം.ടി. രമേശിനെ നേരിട്ട് കണ്ടിട്ടില്ലേ എന്ന് അന്വേഷണ അംഗങ്ങൾ ചോദിച്ചു. ടെലിവിഷനിൽ മാത്രമേ രമേശിനെ കണ്ടിട്ടുള്ളൂ. നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ഷാജി ഒരു ചാനലിൽ പറഞ്ഞതെന്നും വിനോദ് പറഞ്ഞു. തന്നോടും എം.ടി. രമേശിന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. ബിജെപിയെ തകർക്കാൻ ഗൂഢാലോചന നടന്നു. അച്ചടക്ക ലംഘനം നടത്തിയത് കെ.പി. ശ്രീശനും എ.കെ. നസീറുമാണെന്നും വിനോദ് ആരോപിച്ചു. 

മെഡിക്കൽ കോളജിനു കേന്ദ്ര മെഡിക്കൽ‍ കൗൺസിൽ അംഗീകാരം ലഭിക്കാൻ കോളജ് ഉടമ ആർ.ഷാജിയിൽ നിന്ന് 5.60 കോടി രൂപ ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദ് കൈപ്പറ്റിയെന്നാണു ബിജെപിയുടെ അന്വേഷണത്തിൽ തെളിഞ്ഞത്. തുടർന്നാണ് വിനോദിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. സംഭവത്തിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തെക്കുറിച്ച് പറയുമ്പോഴാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ച് പരാമർശമുണ്ടായത്.