യച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനം

ന്യൂഡൽഹി∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനം. തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന് ബംഗാള്‍ ഘടകം സിസിയില്‍ ആവശ്യപ്പെടും.

രാജ്യസഭയിലേക്ക് ഒരാൾ പരമാവധി രണ്ടുതവണ അംഗമായാൽ മതിയെന്ന പാർട്ടി കീഴ്‌വഴക്കം യച്ചൂരിക്കായി ഭേദഗതി ചെയ്യേണ്ടെന്നാണു പിബിയിലെ ഭൂരിപക്ഷ നിലപാട്. യച്ചൂരിയും അതിനോടു യോജിക്കുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കിൽ 2020നുശേഷം പാർട്ടിക്കു ബംഗാളിൽനിന്നു രാജ്യസഭയിൽ അംഗങ്ങളില്ലാത്ത സ്‌ഥിതിയാകുമെന്നാണു ബംഗാൾ പക്ഷത്തിന്റെ നിലപാട്. 

ആറിൽ അഞ്ചു സീറ്റും ജയിക്കാൻ തൃണമൂലിനു സാധിക്കും. അവശേഷിക്കുന്ന ഒരു സീറ്റിൽ യച്ചൂരിയാണു സിപിഎമ്മിന്റെ സ്‌ഥാനാർഥിയെങ്കിൽ തങ്ങൾ സ്‌ഥാനാർഥിയെ നിർത്തില്ലെന്നു കോൺഗ്രസ് വ്യക്‌തമാക്കിയിട്ടുണ്ട്. ഫലത്തിൽ, തൃണമൂൽ അഞ്ചു സ്‌ഥാനാർഥികളെ മാത്രം പ്രഖ്യാപിക്കുകയും സിപിഎം യച്ചൂരിയെ നിർത്തുകയും ചെയ്‌താൽ മൽസരം ഒഴിവാകുന്ന സ്‌ഥിതിയാണുള്ളത്.

യച്ചൂരി മൽസരിക്കേണ്ടെന്നാണു തീരുമാനമെങ്കിൽ പാർട്ടിയുടെ മറ്റൊരു സ്‌ഥാനാർഥി വേണമോയെന്ന ചോദ്യമുയരും. സിപിഎമ്മിനു സ്‌ഥാനാർഥിയില്ലെങ്കിൽ, കോൺഗ്രസിന്റെ സ്‌ഥാനാർഥിക്കു വോട്ടു ചെയ്യണോയെന്നത് അടുത്ത ചോദ്യം.  

എന്നാൽ, അത്രയുമൊന്നും ആലോചിക്കേണ്ടതില്ലെന്നും സാഹചര്യത്തിന്റെ പ്രത്യേകത കണക്കിലെടുത്തു യച്ചൂരി മൽസരിക്കുക തന്നെ വേണമെന്നുമാണു ബംഗാൾ ഘടകത്തിന്റെ നിലപാട്. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ഇടപാടുകൾ വേണ്ടെന്ന പാർട്ടിയുടെ അടവുനയത്തിൽനിന്നു മാറേണ്ടതില്ലെന്നാണു കേരളത്തിന്റെ പിന്തുണയുള്ള കാരാട്ട്‌ പക്ഷത്തിന്റെ ഉറച്ച നിലപാട്. യച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റ് 18ന് തീരും.