സുരക്ഷാ ഭീഷണി: ദിലീപിനെ ജയിലിൽനിന്നു പുറത്തിറക്കാനാകില്ല; പൊലീസ്

കൊച്ചി∙ യുവനടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ജയിലിലുള്ള നടൻ ദിലീപിന് സുരക്ഷാ ഭീഷണിയുള്ളതിനാൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കോടതിയിൽ ഹാജരാക്കുന്നതിനു പകരം വിഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

പൊലീസിന്റെ അപേക്ഷ സ്വീകരിച്ച കോടതി, ഇതിനുള്ള സൗകര്യം ഒരുക്കാൻ നിർദേശം നൽകി. ചൊവ്വാഴ്ചയാണ് ദിലീപിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജൂലൈ 10ന് അറസ്റ്റു ചെയ്ത ദിലീപിനെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. 25 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു ‌അറസ്റ്റ്.

റിമാൻഡ് തുടരുന്നതിനിടെ ദിലീപിനെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിലും വിട്ടിരുന്നു. ദിലീപ് ജാമ്യത്തിനായി അങ്കമാലി മജിസ്ട്രേട്ട് കോടതിയേയും, അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ, ദിലീപ് ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.