ദിലീപിന്റെ റിമാൻഡ് ഓഗസ്റ്റ് എട്ടുവരെ നീട്ടി; ‘ഹാജരാക്കിയത്’ സ്കൈപ്പിലൂടെ

അങ്കമാലി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അടുത്തമാസം എട്ടു വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ച് വിഡിയോ കോൺഫറൻസിങ് വഴിയാണ് ദിലീപിനെ കോടതിക്കു മുന്നിൽ ഹാജരാക്കിയത്.

കസ്റ്റഡിയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലിൽ നിന്നു പലതവണ ദിലീപിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെ ഹാജരാക്കുന്നതറിഞ്ഞു ജനങ്ങൾ കോടതിയിലും വഴിയിലും തടിച്ചുകൂടിയിരുന്നു. കൂവലും മുദ്രാവാക്യം വിളികളുമുണ്ടായി. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ സുരക്ഷാപ്രശ്നം വർധിക്കുമെന്നാണു പൊലീസിന്റെ വാദം. ഇതേത്തുടർന്നാണു കോടതി വിഡിയോ കോ‍ൺഫറൻസിങ്ങിന് അനുമതി നൽകിയത്.

ദിലീപിനെതിരെ ബലമേകിയത് അന്വേഷണ രേഖകൾ

നടിയെ ആക്രമിച്ച േകസിൽ ദിലീപിനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന പ്രതിഭാഗം ആരോപണം നിരാകരിച്ച്, ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിഗമനത്തിലെത്താൻ കോടതിക്കു ബലമേകിയത് അന്വേഷണ രേഖകൾ.

രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാൻ സാധ്യത കുറവായതിനാൽ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷൻ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേസ് ഡയറിയും കൈമാറിയിരുന്നു. ഒന്നാംപ്രതി സുനിൽകുമാറിനെ (പൾസർ സുനി) അറിയുകയേ ഇല്ലെന്നു ദിലീപ് പറയുന്നിടത്തുനിന്നാണ് അന്വേഷണം മുന്നേറുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും നേരിട്ടും അല്ലാതെയുമുള്ള സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹർജിക്കാരന് എതിരാണെന്നും ഡിജിപി വാദിച്ചു. കുറ്റകൃത്യം നടക്കും മുൻപുള്ള വസ്തുതകളും കൃത്യം നടത്തിയ ശേഷം പ്രതിയുടെ പെരുമാറ്റവും – രണ്ടു തരത്തിലുള്ള തെളിവുകളാണു ശേഖരിച്ചതെന്നു ഡിജിപി വിശദീകരിച്ചു.

കേസിൽ ദിലീപിനു പങ്കുണ്ടെന്ന പ്രാഥമിക നിഗമനത്തിനു കോടതി ആധാരമാക്കുന്ന വസ്തുതകൾ:

∙ കൊച്ചിയിലെ ഹോട്ടലിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ദിലീപ് സുനിൽകുമാറിനെ കണ്ടുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കൃത്യം നടത്താൻ നിർദേശിച്ചു വൻതുക വാഗ്ദാനം ചെയ്തതു ഹോട്ടൽ മുറിയിൽ വച്ചാണെന്നു പറയുന്നു. ദിലീപിന്റെ പേരിൽ മുറി ബുക്ക് ചെയ്തതിനു ഹോട്ടൽ രേഖകളും അഞ്ചിടങ്ങളിൽ പ്രതികൾ ഒന്നിച്ചെത്തിയതിനു മൊബൈൽ ടവർ ലൊക്കേഷൻ തെളിവുകളും കോൾ വിവരങ്ങളും മൊഴികളും പ്രോസിക്യൂഷൻ ആശ്രയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചു സുനിൽകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷകർ തെളിവുകളും ശേഖരിച്ചു.

∙ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രിൽ 20നു ദിലീപ് പരാതി നൽകിയതു തന്റെ പേരു സുനിൽ വെളിപ്പെടുത്തുന്നതു മുൻകൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നുവെന്ന് അന്വേഷകർ കരുതുന്നു. സുനിൽകുമാർ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതോ അല്ലെന്നാണു വിലയിരുത്തൽ.

∙ ഗുഢാലോചനയെക്കുറിച്ചു സുനിൽകുമാർ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലിൽ ഒളിച്ചുകടത്തിയ മൊബൈൽ വഴി സുനിൽകുമാർ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിൻ ബോക്സ് ലൈൻ വഴിയും വിളിച്ചതായി രേഖകളുണ്ട്. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലർ വഴി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതായി രേഖകളിൽ കാണാം. സുനിൽകുമാർ ജയിലിൽ നിന്നു കത്തയച്ചതായും കാണുന്നു.

കുറ്റകൃത്യം നടത്തിയ ഉടൻ സുനിൽ കൂട്ടുപ്രതികൾക്കൊപ്പം മൊബൈൽ ഫോണും മെമ്മറി കാർഡും ദിലീപിന്റെ കൂട്ടാളികൾക്കു കൈമാറാൻ ശ്രമിച്ചതായും രേഖകളിലുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന 19 സാഹചര്യങ്ങളും പ്രതിയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പകപോക്കാൻ ലൈംഗികാതിക്രമ ക്വട്ടേഷൻ നൽകിയതു ക്രിമിനൽ നിയമചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.