നടിയോട് ലൈംഗിക സംഭാഷണം: ജീൻ പോൾ ലാൽ, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ കേസ്

കൊച്ചി∙ യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണു പരാതിയിൽ പറയുന്നത്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. ഐപിസി 420, 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീൻ പോൾ. ന്യൂജനറേഷൻ സിനിമകളിലെ ശ്രദ്ധേയ നടനാണ് ശ്രീനാഥ് ഭാസി. സിനിമയിലെ ടെക്നീഷ്യൻമാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റ് കുറ്റാരോപിതർ. 2016 നവംബർ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവമെന്നു പരാതിയിൽ പറയുന്നു. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലിൽ എത്തി പ്രതിഫലം ചോദിച്ചപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണു പരാതി. പ്രതിഫലം നൽകിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. ജീൻ പോൾ അടക്കമുള്ള കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീൻ പോൾ.