പി.യു.ചിത്രയ്ക്കു യോഗ്യത നിഷേധിച്ച നടപടിയെ ന്യായീകരിച്ച് പി.ടി. ഉഷ

കോഴിക്കോട്∙ രാജ്യാന്തര ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡമനുസരിച്ചുള്ള പ്രകടനം നടത്താൻ സാധിക്കാത്തതിനാലാണ് പി.യു. ചിത്ര ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമിൽ ഉൾപ്പെടാതിരുന്നതെന്നു പി.ടി. ഉഷ. സിലക്‌ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ചാംപ്യൻഷിപ്പിനുള്ള സംഘത്തെ തിര‍ഞ്ഞെടുക്കുന്നത് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനാണ്. സിലക്‌ഷൻ കമ്മിറ്റിയംഗമല്ല താൻ. നിരീക്ഷക എന്ന നിലയിൽ‌ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയാലും ലോക മീറ്റിൽ പങ്കെടുപ്പിക്കണോ എന്നതു ഫെഡറേഷന്റെ വിവേചനാധികാരമാണ്. കാര്യമറിയാതെ കേരളത്തിന്റെ കായികമന്ത്രിപോലും തന്നെ തള്ളിപ്പറഞ്ഞുവെന്നതു സങ്കടകരമാണ്.

ചിത്രയെ മാത്രമല്ല ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ എല്ലാവരെയും ലോക മീറ്റിൽ പങ്കെടുപ്പിക്കണം എന്നു തന്നെയാണ് ആഗ്രഹം. സ്വർണ മെഡൽ നേടിയിട്ടും ചാംപ്യൻഷിപ്പിനുള്ള സംഘത്തിൽനിന്നു പുറത്താക്കപ്പെട്ട സുധാ സിങ്ങും ചിത്രയെപ്പോലെതന്നെ തനിക്കു പ്രിയപ്പെട്ടവളാണ്. ഇത്തവണത്തെ ഏഷ്യൻ ചാംപ്യൻഷിപ്പിലെ പ്രകടനങ്ങൾ പൊതുവേ നിലവാരം പുലർത്തിയില്ല എന്നതാണു സത്യം. ഏഷ്യൻ ചാംപ്യൻഷിപ്പിലെ ചിത്രയുടെ പ്രകടനം യോഗ്യതാ മാനദണ്ഡത്തിന്റെ അടുത്തെങ്ങും എത്തുന്നതായിരുന്നില്ല. ഗുണ്ടൂരിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ചിത്ര ഒന്നാമതായിരുന്നില്ലതാനും.

ഈ സന്ദർഭത്തിൽ ചിത്ര പ്രകടനത്തിൽ സ്ഥിരത പുലർത്തുന്നില്ല എന്ന തടസ്സവാദം കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ടു. അത് അങ്ങനെയല്ല എന്നു തിരുത്താനും തനിക്കു കഴിയില്ലല്ലോ. ഇക്കാര്യത്തിൽ വികാരപരമായി തീരുമാനമെടുത്തിട്ടു കാര്യമില്ല. ചിത്ര കഷ്ടപ്പാടനുഭവിക്കുന്നുവെന്നു പറയുന്നു. ദേശീയ ചാംപ്യനു സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ട്. ചിത്രയ്ക്ക് ഈ സൗകര്യങ്ങളെല്ലാം ലഭിക്കേണ്ടതാണ്. താരങ്ങളെ എപ്പോഴും സഹായിക്കാൻ ശ്രമിക്കുന്നയാളാണു താൻ. ചിത്രയെ സ്നേഹിച്ചു കൊല്ലരുത്. ഈ വിവാദങ്ങളെല്ലാം ചിത്രയുടെ കരിയറിനെ ബാധിക്കുമോ എന്നാണു പേടി. ഇക്കാര്യങ്ങളിലൊന്നും ജഡ്ജിയല്ല തീരുമാനമെടുക്കേണ്ടതെന്നും പി.ടി. ഉഷ പറഞ്ഞു.