പെൺകുട്ടിയുടെ സത്യവാങ്മൂലം പരിഗണിക്കാനാകില്ല; ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി∙ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് നിരീക്ഷിച്ച കോടതി, ഗംഗേശാനന്ദയെ അനുകൂലിച്ച് പെൺകുട്ടി നല്‍കിയ സത്യവാങ്മൂലം പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. ഗംഗേശാനന്ദ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

പെൺകുട്ടിയുടെ സത്യവാങ്മൂലം പരിഗണിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും സർക്കാർ വാദിച്ചു. ഗംഗേശാനന്ദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പെൺകുട്ടി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. സ്വാമിക്കെതിരെ ഒന്നും പറ‍ഞ്ഞിട്ടില്ല, മൊഴി പൊലീസ് എഴുതിയുണ്ടാക്കിയതാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗംഗേശാനന്ദ ഹൈക്കോടതിയെ സമീപിച്ചത്.