Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾക്കു വോട്ട് എംബസികളിൽ മതി, പ്രോക്സി വോട്ട് വേണ്ട: സിപിഎം

Sitaram Yechury

ന്യൂഡൽഹി∙ പ്രവാസിവോട്ട് ഇന്ത്യയിലെ പകരക്കാര്‍ ചെയ്യാനുള്ള (പ്രോക്സി വോട്ട്) നിര്‍ദേശത്തോട് യോജിപ്പില്ലെന്നു സിപിഎം. പ്രവാസികള്‍ക്കു വോട്ടുചെയ്യാന്‍ ഇന്ത്യന്‍ എംബസികളില്‍ സൗകര്യമൊരുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

പ്രവാസികൾക്കു വിദേശത്തു വോട്ടുചെയ്യാൻ സൗകര്യമാവശ്യപ്പെട്ടു ദുബായിലെ സംരംഭകൻ ഡോ.വി.പി.ഷംഷീർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം തുടരുന്നതിനിടെ പ്രോക്സി വോട്ട്, ഇലക്‌ട്രോണിക് തപാൽ വോട്ട് എന്നിവ സാധ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. ഇതിൽ പ്രോക്സി വോട്ടിനോടുള്ള എതിർപ്പാണ് സീതാറാം യച്ചൂരി വ്യക്തമാക്കിയത്.

ജോലിചെയ്യുന്ന രാജ്യത്തു വച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം (ആർപിഎ) ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 20എ വകുപ്പും 1951ലെ നിയമത്തിലെ 60–ാം വകുപ്പും ഭേദഗതി ചെയ്യണം. അതേസമയം, നീക്കം പ്രാബല്യത്തിൽ വന്നാൽ 22 ലക്ഷം മലയാളികൾക്ക് വിദേശത്തിരുന്നു വോട്ട് ചെയ്യാനാകും.

അതേസമയം, ബിഹാറിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെ മർദിച്ച സംഭവത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയെന്നതിനു വ്യക്തമായ സ്ഥിരീകരണമായതായി യച്ചൂരി പറഞ്ഞു. ഇനി അവിടെ ഹിന്ദുത്വ നയങ്ങൾ മാത്രമേ നടപ്പാക്കുകയുള്ളൂ. അപ്പോഴും മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്നും യച്ചൂരി കൂട്ടിച്ചേർത്തു.