ദിലീപിന്റെ ഡി സിനിമാസ് തുറന്നു പ്രവർത്തിക്കാം: നഗരസഭയ്ക്കു ഹൈക്കോടതി വിമർശനം

നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി സിനിമാസ്. ചിത്രം: ലാലുമോൻ ചാലക്കുടി

കൊച്ചി ∙ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ലൈസൻസ് റദ്ദാക്കാൻ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, തിയറ്റർ തുറന്നു പ്രവർത്തിപ്പിക്കാമെന്ന് ഉത്തരവിലൂടെ അറിയിച്ചു.

തിയറ്റർ പൂട്ടാൻ നഗരസഭാ കൗൺസിൽ എടുത്ത തീരുമാനം നിയമപരമല്ലെന്നും നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റർ പ്രവർത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. മതിയായ കാരണങ്ങൾ ഇല്ലാതെയാണ് തിയറ്റർ അടച്ചു പൂട്ടാൻ നഗരസഭ ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു. ലൈസൻസ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ഡി സിനിമാസിനു തുറന്നു പ്രവർത്തിക്കാം. നഗരസഭാ കൗൺസിലിന് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ അധികാരമില്ല. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രം ലൈസൻസ് അനുവദിച്ച സ്ഥാപനം പൂട്ടാൻ സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ഡി സിനിമാസ് തിയറ്റർ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ സഹോദരൻ അനൂപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ലൈസൻസോടു കൂടിയാണ് തിയറ്റർ പ്രവർത്തിച്ചിരുന്നതെന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഡി സിനിമാസിൽ എസിക്കു വേണ്ടി ഉയർന്ന എച്ച്പിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയറ്റർ പൂട്ടിച്ചത്. നോട്ടിസ് നൽകി മണിക്കൂറുകൾക്കകമായിരുന്നു നടപടി.