അതിരപ്പിള്ളിയിൽ കെഎസ്ഇബിയുടെ രഹസ്യനിർമാണം; പ്രദേശത്ത് സംഘർഷ സാധ്യത

അതിരപ്പിള്ളി പദ്ധതിപ്രദേശത്ത് വനാതിർത്തിയോടു ചേർന്നു കെഎസ്ഇബി സ്ഥാപിച്ച ട്രാൻസ്ഫോമർ. ചിത്രം: മനോരമ

തൃശൂർ∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണം രഹസ്യമായി തുടങ്ങിയ സ്ഥലത്തു സംഘർഷസാധ്യത. നിർമാണം നടക്കുന്നെന്ന വിവരമറിഞ്ഞ് എഐവൈഎഫ് പ്രവർത്തകർ സ്ഥലത്തേക്കു മാർച്ച് നടത്തുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്തു പൊലീസ് സ്ഥലത്തെത്തി സുരക്ഷ തീർത്തു.

അതിരപ്പിള്ളി പദ്ധതിപ്രദേശത്ത്, വനാതിർത്തിയിൽനിന്നു 15 മീറ്റർ അകലെയായാണു കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിച്ചത്. മേഖലയിലെ താമസക്കാരായ തൊണ്ണൂറോളം കുടുംബങ്ങളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനെന്ന പേരിലായിരുന്നു ഒരു മാസം മുൻപു ട്രാൻസ്ഫോമർ സ്ഥാപിച്ചത്. കെഎസ്ഇബിയുടെ സ്വന്തം ഭൂമിയിലായിരുന്നു നിർമാണമെന്നതിനാൽ വനംവകുപ്പിനു പോലും ഇതേക്ക‍ുറിച്ചു ധാരണയുണ്ടായിരുന്നില്ല. ട്രാൻസ്ഫോമറിന്റെ നിർമാണം പൂർത്തിയാക്കി ചാർജ് ചെയ്തു കഴിഞ്ഞതായാണു കെഎസ്ഇബി അധികൃതരിൽനിന്നു ലഭിക്കുന്ന വിവരം.

അതിരപ്പിള്ളി പദ്ധതിക്കുള്ള പരിസ്ഥിതി അനുമതിയുടെ കാലാവധി തീരുന്നതിനു രണ്ടു ദിവസം മുൻപാണു ട്രാൻസ്ഫോമർ നിർമിച്ചത്. 25 വർഷം മുൻപു പരിസരവാസികളിൽനിന്നു കെഎസ്ഇബി ഏറ്റെടുത്ത ഭൂമിയാണിത്. ഇവിടെനിന്നു രണ്ടര കിലോമീറ്റർ അകലെയാണു നിർദിഷ്ട അണക്കെട്ടിനുള്ള പദ്ധതിപ്രദേശം. ഡാമിൽനിന്ന് ഒഴുക്കുന്ന വെള്ളം ശക്തിയായി പതിക്കുന്ന കണ്ണംകുഴിയെന്ന ഭാഗത്താണു ട്രാൻസ്ഫോമർ. ഇവിടെ ഡാം നിർമ‍ിക്കാനായിരുന്നു കെഎസ്ഇബിയുടെ പദ്ധതി.

മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്തും അതിരപ്പിള്ളി വനമേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിനു പകരം വനം വച്ചുപിടിപ്പിക്കാനുള്ള നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി രൂപ വനംവകുപ്പിനു കൈമാറിയിട്ടുമുണ്ട്. മുന്നണിക്കുള്ളില്‍നിന്നു സിപിഐയും പുറത്തുനിന്നു പ്രതിപക്ഷവും പരിസ്ഥിതിപ്രവര്‍ത്തകരും സ്ഥലത്തെ ആദിവാസികളും പദ്ധതിയെ എതിര്‍ക്കുന്ന സാഹചര്യത്തിലാണു രഹസ്യമായി നിർമാണപ്രവൃത്തികൾ ആരംഭിച്ചത്.