Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരഖ്പുർ ദുരന്തത്തിൽ മൗനം വെടിഞ്ഞ് ആദിത്യനാഥ്; അന്വേഷണം പ്രഖ്യാപിച്ചു

Yogi Adityanath

ലക്നൗ ∙ ഗോരഖ്പുരിലെ ആശുപത്രിയിൽ അഞ്ചു ദിവസത്തിനിടെ അറുപതിലധികം കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം വൻ വിവാദമാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും സംഭവത്തിൽ ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. മജിസ്ട്രേട്ടുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ലക്നൗവിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംഭവത്തേക്കറിച്ച് വിശദമായി അന്വേഷിക്കുന്നതിന് യുപി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി. ആദിത്യനാഥിന്റെ മുൻ ലോക്സഭാ മണ്ഡലമാണ് ഗോരഖ്പുർ. ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്നതിന് മുൻ സർക്കാർ നിയോഗിച്ചവർ ഇക്കാര്യത്തിൽ  വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. അതേസമയം, ഇത്രയും കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതുകൊണ്ടല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും ആവർത്തിച്ചു. എന്നാൽ, ഓക്സിജൻ ലഭിക്കാത്തതിന്റെ പേരിൽ ഒരു കുട്ടി പോലും മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് വ്യക്തമാക്കി. മരിച്ച കുട്ടികളെല്ലാം ഗോരഖ്പുരിൽനിന്നുള്ളവരെല്ലാം നേപ്പാൾ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം രോഗികൾ ചികിത്സ തേടി ഇവിടെയെത്തിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, കുട്ടികളുടെ മരണത്തിനു കാരണം മൊത്തത്തിലുള്ള ശുചിത്വമില്ലായ്മയും തൻമൂലമുണ്ടാകുന്ന രോഗങ്ങളുമാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ശുചിത്വമില്ലായ്മയ്ക്ക് കാരണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഗോരഖ്പുരിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച വിവരം പുറത്തുവന്നിട്ടും, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.