നോട്ടുനിരോധനം തുണച്ചു, ഭീകരാക്രമണം സ്വപ്നത്തിൽ പോലുമില്ല: ജയ്റ്റ്ലി

ന്യൂഡൽഹി∙ എത്ര വലിയ ഭീകരനായാലും ഇന്ന് ഇന്ത്യയിൽ ഭീകരാക്രമണത്തെപ്പറ്റി സ്വപ്നം കാണുന്നുപോലുമില്ലെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്‌റ്റ്‌ലി. കശ്മീരിലെ ഭീകരർ 'വലിയ സമ്മർദ്ദത്തിൽ' ആണെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യ ടിവി കോൺക്ലേവിൽ‌ സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി.

'നോട്ട് നിരോധനവും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിലപാട് കടുപ്പിച്ചതും മൂലം കശ്മീരിലെ ഭീകരർ 'വലിയ സമ്മർദ്ദത്തിലാണ്'. ഭീകരർക്കുള്ള വിദേശ സാമ്പത്തിക സഹായം വലിയതോതിൽ കുറഞ്ഞു. ഇന്ന്, ഭീകരാക്രമണം നടത്തുന്നതിനെ കുറിച്ച് ഭീകരർ സ്വപ്നംകാണുന്നതു പോലുമുണ്ടാകില്ല. താഴ്‌വരയെ തീവ്രവാദത്തിന്റെ മണ്ണാക്കാൻ അവർ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. എന്നാൽ ജമ്മു കശ്മീർ പൊലീസിന്റെയും സേനയുടെയും കഠിനാധ്വാനത്തിന്റെ ഫലമായി ഭീകരർ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

മു‍ൻപ് കശ്മീരിൽ ഭീകരരെ രക്ഷിക്കാൻ സൈന്യത്തിനെതിരെ കല്ലേറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കല്ലെറിയാനെത്തുന്നവരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായി. ഇടത് തീവ്രവാദവും ഭീകരവാദവുമാണ് ഇന്ത്യയുടെ പ്രധാന പ്രശ്നങ്ങൾ. സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ, കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു പാക്കിസ്ഥാൻ അംഗീകരിച്ചിട്ടില്ല. അതവരുടെ അജൻഡയുടെ ഭാഗമാണ്. പാക്കിസ്ഥാൻ യുദ്ധത്തിനാണു ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യ യുദ്ധത്തിൽ എത്രയോ മുൻപിലാണ്. 1965, 1971, കാർഗിൽ യുദ്ധങ്ങളിൽ ഇന്ത്യ അതെല്ലാം തെളിയിച്ചതാണ്– ജയ്‌റ്റ്‌ലി വിശദീകരിച്ചു.

എന്നാൽ, സിക്കിം അതിർത്തിയിൽ ചൈനയുമായി ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തെപ്പറ്റി ജയ്റ്റ്ലി പ്രതികരിച്ചില്ല. 'നമ്മുടെ സുരക്ഷാസേനകളിൽ പരിപൂർണ വിശ്വാസമാണെന്ന്' മാത്രമാണ് ദോക്‌ലാ വിഷയവുമായി ബന്ധപ്പെട്ട് അരുൺ ജയ്റ്റ്‌ലി പറഞ്ഞത്.