ഓർക്കാം, ബോംബുണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ബ്രിട്ടിഷ് ജഡ്ജിയെ വിരട്ടിയ ധീരനെ

ബ്രിട്ടിഷ് ആധിപത്യത്തിന്റെ ഉരുക്കുചങ്ങലകളെ തകർത്തെറിഞ്ഞ് നാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനം: ഓഗസ്റ്റ് 15. രാജ്യമെമ്പാടും ഇന്ന് ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പക്ഷേ നാം മറന്നു പോയ ചിലരുണ്ട്. അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ ഏതാനും ദിവസം മുൻപ് ബിഹാറിലെയും ബംഗാളിലെയും ചില ഭാഗങ്ങളിൽ ചെറിയ അനുസ്മരണ സമ്മേളനങ്ങൾ നടന്നിരുന്നു. ഖുദീരാം ബോസ് എന്ന ധീരപോരാളിയെ ബ്രിട്ടിഷുകാർ തൂക്കിലേറ്റിയ ദിവസമായിരുന്നു അന്ന്. 

109 വർഷം മുൻപ്, 1908 ഓഗസ്റ്റ് 11ന്, ഖുദീരാമിനെ ബ്രിട്ടിഷുകാർ തൂക്കിലേറ്റുമ്പോൾ അദ്ദേഹത്തിന് 18 വയസ്സ് തികഞ്ഞ് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. മറ്റു സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ചരിത്രരേഖകളിൽ നിർണായകസ്ഥാനം ലഭിക്കേണ്ട ആ ധീരയോദ്ധാവ് പക്ഷേ ഓർമത്താളുകളിൽനിന്ന് എങ്ങനെയോ വിസ്മൃതനായി. പാഠപുസ്തകങ്ങളിൽ പോലും അധികമാരും അദ്ദേഹത്തെപ്പറ്റി വായിച്ചിട്ടുണ്ടാകില്ല. എന്നാൽ ബംഗാളിൽ പാടിപ്പതിഞ്ഞ നാടൻ പാട്ടുകളിൽ പോലും ഖുദീരാമിന്റെ കഥയുണ്ട്. തൂക്കുമരത്തിലേക്ക് ഒരു ചെറുപുഞ്ചിരിയുമായി നടന്നു നീങ്ങിയ ചെറുപ്പക്കാരന്റെ കഥ.

ബംഗാളിലെ മിഡ്നാപുറിൽ 1889 ഡിസംബർ മൂന്നിനാണ് ഖുദീരാം ബോസിന്റെ ജനനം. ഖുദീരാമിന്റെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾ മരിച്ചു. പിന്നീട് സഹോദരിക്കൊപ്പമായിരുന്നു ജീവിതം. സഹോദരീഭർത്താവിന് ബിഹാറിൽ ജോലി ലഭിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഖുദീരാമും പോയി. 1905ലെ ബംഗാൾ വിഭജനത്തെത്തുടർന്ന് ജനങ്ങളില്‍ അസ്വസ്ഥത പുകഞ്ഞിരുന്ന നാളുകളായിരുന്നു അത്. ബിഹാറിലും അതിന്റെ അലയൊലികളെത്തി. ഗ്രാമങ്ങളിൽ സന്ദർശനത്തിനെത്തിയിരുന്ന സിസ്റ്റർ നിവേദിതയുടെയും അരബിന്ദോയുടെയും പ്രസംഗങ്ങളായിരുന്നു ഖുദീരാമിനു പ്രചോദനമായിരുന്നത്. ഒപ്പം അധ്യാപകനായ സത്യേന്ദ്രബോസിന്റെ ക്ലാസുകളും. 

ബ്രിട്ടിഷുകാർക്കെതിരെ ആയുധമെടുത്തു തന്നെ പോരാടണമെന്ന തീവ്രനിലപാടായിരുന്നു ഖുദീരാമിനും. അങ്ങനെ ബിഹാറിലെ ‘ജുഗിന്ദർ’ എന്ന രഹസ്യസംഘടയിൽ അദ്ദേഹം അംഗത്വം നേടി. ബോംബ് നിർമാണത്തിൽ അഗ്രഗണ്യനായിരുന്നു ഈ ചെറുപ്പക്കാരൻ. മൂന്നു പൊലീസ് സ്റ്റേഷനുകളിൽ ബോംബ് പൊട്ടിച്ചായിരുന്നു വിപ്ലവപ്രവർത്തനങ്ങളുടെ തുടക്കം. മികച്ച കായികാഭ്യാസി, നല്ല നേതൃപാടവം, സ്നേഹത്തോടെയുള്ള പെരുമാറ്റം... ഇതെല്ലാം ഖുദീരാമിനെ സംഘത്തിന്റെ പ്രിയപ്പെട്ടവനാക്കി. അങ്ങനെയാണ് നിർണായകമായൊരു ദൗത്യം അദ്ദേഹത്തെ ഏൽപിക്കുന്നതും – ബിഹാറിലെ മുസഫർപുറിലെ മജിസ്ട്രേറ്റ് കിങ്സ്ഫോഡിനെ വധിക്കുക. ഹരേൻ സർക്കാർ എന്ന വ്യാജനാമത്തിൽ മുസഫർപുറിൽ നാളുകളോളം ജീവിച്ച് കിങ്സ്ഫോഡിന്റെ നീക്കങ്ങളെല്ലാം ഖുദീരാമും കൂട്ടാളി പ്രഫുൽ ചാക്കിയും മനസിലാക്കി. ഒടുവിൽ യൂറോപ്യൻ ക്ലബിൽനിന്ന് വൈകിട്ട് പുറത്തിറങ്ങുമ്പോൾ കിങ്സ്ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ പദ്ധതിയിട്ടു. ഒരു വൈകുന്നേരം യൂറോപ്യൻ ക്ലബിനു മുന്നിൽ വച്ച് കിങ്സ്ഫോഡിന്റെ വാഹനത്തിനു നേരെ റൈഫിൾ ചൂണ്ടി മുദ്രാവാക്യങ്ങളുമായി ഖുദീരാമും പ്രഫുല്ലും ചാടി വീണു. ബോംബേറിൽ വാഹനം കത്തിയെരിഞ്ഞു. ദൗത്യം നിർവഹിച്ച് ഇരുവരും ഇരുവഴിയിലേക്ക് പിരിഞ്ഞു. 

ഖുദീരാം ബോസ് അറസ്റ്റിലായപ്പോൾ

പക്ഷേ യഥാർഥത്തില്‍ കിങ്സ്ഫോഡ് ആ വാഹനത്തിലുണ്ടായിരുന്നില്ല. ബാരിസ്റ്റർ പ്രിംഗിൾ കെന്നഡിയുടെ ഭാര്യയും മകളുമായിരുന്നു കൊല്ലപ്പെട്ടത്. ഇക്കാര്യം ഖുദീരാം അറിഞ്ഞില്ല. രാത്രിയോടെ തന്നെ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തേടി പൊലീസ് നെട്ടോട്ടമായി. അക്രമികളെപ്പറ്റി വിവരം നൽകുന്നവർക്ക് വൻതുകയും വാഗ്ദാനം ചെയ്തു. റയിൽവേ സ്റ്റേഷനുകളിൽ പൊലീസ് തിരയുമെന്നുറപ്പുള്ളതിനാൽ കിലോമീറ്ററുകളോളം റോഡിലൂടെ നടന്നായിരുന്നു ഖുദിരാമിന്റെ യാത്ര. ഇടയ്ക്ക് ഒരു റയിൽവേ സ്റ്റേഷനിലേക്ക് ദാഹം തീർക്കാൻ കയറിച്ചെന്നപ്പോൾ പക്ഷേ രണ്ട് പൊലീസുകാരുടെ മുന്നിൽ പെട്ടു. ക്ഷീണിച്ച് അവശനായി മേലാകെ അഴുക്കും പൊടിയും പുരണ്ട് കയറിവന്ന ചെറുപ്പക്കാരനെ അവർ ചോദ്യം ചെയ്തു. അതിനിടെ ഖുദീരാമിന്റെ കയ്യിലെ രണ്ട് തോക്കുകൾ താഴെ വീണു. പിന്നീട് പിടിയിലാകാൻ അധികം താമസമുണ്ടായില്ല. 

പ്രഫുൽ ചാക്കിയാകട്ടെ യാത്രാമധ്യേ പൊലീസ് പിടിയിലാകുമെന്ന ഘട്ടമായപ്പോൾ സ്വയം ശിരസ്സിൽ നിറയൊഴിച്ചു മരിച്ചു. മുസഫർപുർ സംഭവത്തിന്മേൽ ജ‍ഡ്ജി ഖുദീരാമിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ നൽകിയിട്ടും കാര്യമുണ്ടായില്ല. വിധി പറയുന്നത് കേട്ടിട്ടും ചിരിച്ചു നിന്ന ഖുദീരാമിനെ കണ്ട് ജഡ്ജി അദ്ഭുതപ്പെട്ടു പോയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിനാകട്ടെ, താങ്കൾക്ക് വേണമെങ്കിൽ ബോംബു നിർമാണം പഠിപ്പിച്ചു തരാമെന്ന നെഞ്ചുറപ്പാർന്ന മറുപടിയും. 

1908 ഓഗസ്റ്റ് 11നാണ് ചുണ്ടിലൊരു ചെറുചിരിയും നെഞ്ചിൽ അണയാത്ത തീയുമായി ആ യുവപോരാളി കഴുമരത്തിലേക്കു നടന്നു നീങ്ങിയത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിലേക്ക് കണ്ണുതുറപ്പിച്ചു കൊണ്ടായിരുന്നു എന്നന്നേക്കുമായി ആ കണ്ണുകളടഞ്ഞത്...