മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ സംഗീതനിശ; ടിക്കറ്റ് വിൽക്കാൻ പൊലീസിന് നിർദേശം

മുംബൈ∙ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ഔറംഗബാദ് പൊലീസും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയും നടത്തുന്ന സംഗീതനിശയെ ചൊല്ലി വിവാദം. ബുധനാഴ്ച വൈകിട്ട് നടത്താനിരിക്കുന്ന പൊലീസ് രജനിയെന്ന സംഗീതപരിപാടിയുടെ ഗുഡ്‌വിൽ അംബാസഡറാണ് അമൃത ഫഡ്നാവിസ്.

പരിപാടിയിൽ ചില പാട്ടുകൾ പാടുന്നതും അവരാണ്. 400 പേർക്കു മാത്രം പങ്കെടുക്കാവുന്ന പരിപാടിയുടെ ടിക്കറ്റിന്റെ വില 51,000 രൂപയാണ്. ഇവയുടെ വിൽപ്പന നിർവഹിക്കാൻ സർക്കാർ പൊലീസുകാരെ നിർബന്ധിക്കുന്നതായാണ് റിപ്പോർട്ട്.

ടിക്കറ്റ് വിൽക്കുന്നതിനായി പൊലീസുകാരെ നിർബന്ധിക്കുന്നുവോ ഇല്ലയോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഔറംഗബാദ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരാണ് ടിക്കറ്റുകൾ വിൽക്കാൻ നിർദേശിച്ചത്. ഏതെങ്കിലും രാജ്യദ്രോഹികൾക്ക് ടിക്കറ്റ് വിറ്റിട്ടുണ്ടോയെന്ന് കണ്ടെത്തണം. അങ്ങനെ സംഭവിച്ചാൽ ആരാണ് ഉത്തരവാദികളെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.