കശ്മീരിന് പാക്കിസ്ഥാന്റെ ഭാഗമാകണമെങ്കിൽ നേരത്തെ ആകാമായിരുന്നു: അബ്ദുല്ല

ഫാറൂഖ് അബ്ദുല്ല

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. രാജ്യത്തിനു പുറത്തുനിന്നുള്ള ശക്തികളല്ല, അകത്തുനിന്നുള്ളവരാണ് ഇന്ത്യയ്ക്കു ഭീഷണി ഉയർത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിനു പുറത്തുനിന്നുള്ള ശക്തികളൊന്നും ഇന്ത്യയ്ക്കു ഭീഷണിയല്ല. ചൈനയ്ക്കോ പാക്കിസ്ഥാനോ ഇന്ത്യയെ ഒന്നും ചെയ്യാനുമാകില്ല. അകത്തുള്ള ശക്തികളാണു ഏറ്റവും വലിയ വെല്ലുവിളിയെന്നും അബ്ദുല്ല കൂട്ടിച്ചേർത്തു. ജെഡിയു നേതാവ് ശരദ് യാദവ് സംഘടിപ്പിച്ച ‘സഞ്ജി വിസാറത് ബച്ചാവോ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതാദ്യമായല്ല, ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി അദ്ദേഹം രംഗത്തെത്തുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളെ കൊള്ളയടിക്കാനാണ് ഇവർ ഭരണത്തിലിരിക്കുന്നതെന്ന് ജൂലൈയിൽ അബ്ദുല്ല അഭിപ്രായപ്പെട്ടിരുന്നു. ‘ഇന്ത്യൻ മുസ്‌ലിം എന്ന് അഭിമാനത്തോടെയാണു ഞാൻ സ്വയം വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരത്തിനായി ഇന്ത്യക്കാരായ നിരവധി മുസ്‌ലിംകൾ പോരാടിയിട്ടുണ്ട്. മുൻപ് ഞങ്ങളുടെ പോരാട്ടം ബ്രിട്ടിഷുകാർക്കെതിരെയായിരുന്നു. എന്നാൽ ഇന്നു സ്വന്തം ജനങ്ങൾക്കെതിരെയാണ്. ഇത്തരം ശക്തികൾ എപ്പോഴുമുണ്ടാകും. എന്നാൽ അവർ അതിജീവിക്കില്ല. ഇന്ത്യയില്‍ ബ്രിട്ടിഷുകാർ തകർന്നതുപോലെ അവരും തകരും – ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

നിങ്ങൾ ദൈവമാകാനുള്ള ശ്രമമാണോ? ഒരു മനുഷ്യൻ ദൈവമാണെന്നു ചിന്തിച്ചു തുടങ്ങുമ്പോൾ അയാളുടെ അവസാനം ആരംഭിക്കുന്നു. ഇന്ത്യ എല്ലാവരുടേതുമാണ്. ഇന്ത‌്യയെ ബഹുമാനിക്കണം. ഞങ്ങൾ കശ്മീരികളെ പാക്കിസ്ഥാൻകാരെന്നാണ് വിളിക്കുന്നത്. ആ ചിന്ത നിങ്ങളുടെയുള്ളിൽനിന്നു പോകണം. പാക്കിസ്ഥാനുവേണ്ടിയല്ല ഞങ്ങൾ പോരാടുന്നത്. ഇന്ത്യയിലെ അവകാശങ്ങൾക്കുവേണ്ടിയാണു പോരാടുന്നത്. ഈ ശക്തികൾക്കു ഞങ്ങളുടെ അവകാശം എടുത്തു കളയാനാണ് തിടുക്കം – അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനില്‍ ചേരണമായിരുന്നെങ്കിൽ കശ്മീരിന് 1947ലേ അതാകാമായിരുന്നു. എന്നാൽ ഇന്ത്യയോടൊപ്പം നിൽക്കാനാണ് കശ്മീർ തീരുമാനിച്ചത്. എന്റെ പിതാവ് ഗാന്ധിജിക്കൊപ്പം നിന്നു. ആ പാത പിന്തുടർന്ന് ഇന്നു ഞാനും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു. ഇവിടെയാണ് മതത്തിന്റെയും ജാതിയുടെയും വേർതിരിവുകൾ ഇല്ലാതാകുന്നതെന്നും ഫാറൂഖ് പറഞ്ഞു.

ഞങ്ങൾ പാക്കിസ്ഥാനികളായ മുസ്‌ലികളോ എവിടെനിന്നെങ്കിലും അതിക്രമിച്ചു കയറി വന്നവരോ അല്ല. ഇന്ത്യൻ മുസ്‌ലിംകളാണ് ഞങ്ങൾ. ഞങ്ങളുടെ വേദന എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ. ഒരു പാക്കിസ്ഥാൻ നേരത്തേ തന്നെ സ്ഥാപിതമായിട്ടുണ്ട്. എത്രയെണ്ണം സ്ഥാപിക്കാനായിട്ടാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? സർക്കാർ മാധ്യമങ്ങളെയും വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. സർക്കാരിനെതിരെ ഇവരാരും എഴുതുന്നില്ല. എന്നാൽ അവർക്കെതിരെ എല്ലാവരും ഒരുമിച്ച് എഴുന്നേറ്റുനിൽക്കുന്ന ഒരു ദിവസം വരും. അത് അകലെയല്ല – അബ്ദുല്ല കൂട്ടിച്ചേർത്തു.

ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെയും അബ്ദുല്ല വിമർശിച്ചു. പുറമേ എന്തു പറഞ്ഞാലും മുഫ്തി കശ്മീരിലെ വിഘടനവാദികളെ എപ്പോഴും രഹസ്യമായി പിന്തുണയ്ക്കാറുണ്ട്. ഹുറിയത്ത് കോൺഫെറൻസുമായി സഹകരിച്ചാണ് അവർ പോകുന്നത്. ഗീലാനിയെ പിതാവിനെപ്പോലെയാണ് അവർ കാണുന്നതെന്നും അബ്ദുല്ല ആരോപിച്ചു.