നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി∙ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി. പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്താണ് നടപടി. ജാമ്യാപേക്ഷയുമായി മൂന്നാം തവണയാണ് ദിലീപ് കോടതിക്കു മുന്നിലെത്തിയത്. മുമ്പ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ കടുത്ത പരാമർശങ്ങളോടെ തള്ളിയിരുന്നു.

ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ച വാദങ്ങള്‍ക്കു വിശദമായ മറുപടി സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. സിനിമാ മേഖലയിലെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. സിനിമയിലെ ശക്തരായ ഒരുവിഭാഗം ആളുകൾ പൊലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയോടെ തന്നെ ഇരയാക്കിയെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നുണ്ട്.

എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം നൽകരുതെന്നുമാകും പ്രോസിക്യൂഷൻ വാദിക്കുക. കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്ന വാദം വിശ്വസിക്കാനാകില്ലെന്നും ഇതു കണ്ടെടുക്കണമെന്നും കോടതിയെ അറിയിക്കും.

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്തത്. 13 മണിക്കൂർ നീണ്ട മാരത്തൺ ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് രണ്ടു തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്.